കലക്ട്രേറ്റിൽ സ്വീപ്പ് അറിയിപ്പ് ബോർഡ് സ്ഥാപിച്ചു
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക തയ്യാറാക്കുന്നതിനായുള്ള ഗൃഹ സന്ദർശനം പൂർത്തീകരിക്കുന്നതിന് മികച്ച രീതിയിൽ പ്രവർത്തിച്ച ബൂത്ത് ലെവൽ ഓഫീസർമാരെ (ബിഎൽഒ) ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ആദരിച്ചു. കലക്ട്രറ്റിലെ ജില്ലാ ഇലഷൻ വിഭാഗം ഓഫീസിന് മുമ്പിൽ സ്ഥാപിച്ച സ്വീപ്പ് അറിയിപ്പ് ബോർഡിന്റെ ഉദ്ഘാടനവും ജില്ലാ കലക്ടർ നിർവഹിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒരു പ്രധാന ഘടകമാണ് ബൂത്ത് ലെവൽ ഓഫീസർമാരെന്നും, എത്ര നന്നായി അവർ ജോലി ചെയ്യുന്നുവോ അത്രത്തോളം എളുപ്പമായി തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. സംസ്ഥാനത്ത് തന്നെ ഒന്നാമതായി മികച്ച രീതിയിൽ ജില്ലാ ഇലക്ഷൻ വിഭാഗത്തിന് ഗൃഹസന്ദർശന പ്രക്രിയ പൂർത്തീകരിക്കാൻ സഹായിച്ച ബൂത്ത് ലെവൽ ഓഫീസർമാരെ ചടങ്ങിൽ കലക്ടർ അഭിനന്ദിക്കുകയും ചെയ്തു.
2023 സമ്മറി റിവിഷനുമായി ബന്ധപ്പെട്ട ജില്ലയിൽ മികവാർന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്ന് തെരഞ്ഞെടുത്ത വടക്കാഞ്ചേരി ബൂത്ത് നമ്പർ 115 ലെ ബിഎൽഒ രമേശ് പി എസ്, നാട്ടിക ബൂത്ത് നമ്പർ 84 ലെ ബിഎൽഒ ജലജ പി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
നൂറു ശതമാനം ഗൃഹസന്ദർശം പൂർത്തിയാക്കിയ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, വാക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ നാട്ടിക, ചേലക്കര, കുന്നംകുളം എന്നിവിടങ്ങളിലെ 22 ബിഎൽഒ മാരെയും ചടങ്ങിൽ ആദരിച്ചു.
ഇലക്ഷൻ ബോധവത്കരണ പരിപാടിയായ സ്വീപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇലക്ട്രൽ ലിറ്ററസി ക്ലബ്ബുകൾക്കായി നടത്തിയ ജില്ലാതല അത്തപ്പൂക്കളം മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ്, രണ്ടാം സ്ഥാനം നേടിയ തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജ്, മൂന്നാമതായ നാട്ടിക ശ്രീനാരായണ കോളേജ് തുടങ്ങിയവർക്കുള്ള ഉപഹാരവും സമ്മാനതുകയും ചടങ്ങിൽ വിതരണം ചെയ്തു.
കലക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന ചടങ്ങിൽ സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ വിഭാഗം) ജ്യോതി എം സി, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും തഹസിൽദാറുമായ ടി ജയശ്രീ, ഇലക്ഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.