അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ അരിമ്പൂർ സെന്ററിൽ നിന്നും കൈപ്പിള്ളി വഴി ആറാംകല്ല് സെന്ററിലേക്ക് എത്തി തൃശ്ശൂർ വാടാനപ്പള്ളി റൂട്ടിൽ എത്തിച്ചേരുന്ന ഇടനാഴിയായ കൈപ്പിള്ളി – ആറാംകല്ല് റോഡിന്റെ നിർമ്മാണോദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവഹിച്ചു.

പ്രധാനമന്ത്രി ഗ്രാമ സടക് യോജന പ്രകാരം സംസ്ഥാനത്ത് 1425 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ജില്ലയിൽ 28 റോഡുകൾക്കായി 124 കിലോമീറ്റർ ദൂരമാണ് പുനർനിർമ്മിക്കുന്നതെന്ന് എംപി അറിയിച്ചു. കാലതാമസമില്ലാതെ കരാർ വ്യവസ്ഥകൾ പോലെ ഉയർന്ന നിലവാരത്തിൽ ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കാനും എം പി നിർദ്ദേശിച്ചു.

പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന (പി എം ജി എസ് വൈ) പദ്ധതിയിലൂടെ 318.84 ലക്ഷം രൂപ ചെലവിലാണ് ഉയർന്ന നിലവാരത്തോടെയുള്ള റോഡ് നിർമ്മിക്കുന്നത്. അരിമ്പൂർ ഗ്രാമത്തിലെ 14, 15, 16, 17 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഈ വാർഡുകളിൽ ജൽ ജീവൻ മിഷൻ പദ്ധതികളുടെ പൈപ്പിടൽ പണികളും നടക്കുന്നു.

3.518 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ 430 മീറ്റർ നീളത്തിൽ പാർശ്വഭിത്തികൾ, 991 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കാനകൾ, അഞ്ച് കലുങ്കുകളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികൾ നടക്കും. പി എം ജി എസ് വൈ മാനദണ്ഡ പ്രകാരമുള്ള ബോർഡുകൾ, നാഴികക്കല്ല്, അപകട സൂചന ബോർഡുകൾ തുടങ്ങിയ സജീകരണങ്ങളോടെ ഉയർന്ന നിലവാരത്തോടെയാണ് റോഡ് വരുന്നത്.

കൈപ്പിള്ളി സി എൻ സെന്ററിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ അധ്യക്ഷത വഹിച്ചു. പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡേവിഡ് ജോൺ ഡി മോറിസ് റിപ്പോർട്ട് അവതരിപ്പിച്ചു.

അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി ജി സജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസ് ബാബു കെ കെ,വാർഡ് മെമ്പർമാരായ ജില്ലി വിൽസൺ, സലിജ സന്തോഷ്, ജെൻസൺ ജെയിംസ്, സി പി പോൾ, പി എ ജോസ്, നീതു ഷിജു, ഷിമി ഗോപി, വൃന്ദ സി, സുനിത സി, പി എം ജി എസ് വൈ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോസി സോളി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.