ആരോഗ്യദായകമായ ഭക്ഷ്യശീലങ്ങളില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യവുമായി നമ്ത്ത് തീവനഗ വയനാടന്‍ ചുരം കയറിയെത്തി. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് കുടുംബശ്രീ വയനാട് ജില്ലാ മിഷനുമായി ചേര്‍ന്ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തിയ ചെറുധാന്യ സന്ദേശ യാത്ര പുതിയ അനുഭവമായി. വനിതകളുടെ ചെണ്ട മേളത്തോടെയാണ് ചെറുധാന്യ ബോധവത്കരണ യാത്രക്ക് ജില്ലയില്‍ സ്വീകരണം നല്‍കിയത്.

ചോളം, റാഗി, പഞ്ഞപ്പുല്ല്, തിന, ചാമ, വരക് അരി, കവടപ്പുല്ല് തുടങ്ങിയ ധാന്യങ്ങളുടെ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം ചെറുധാന്യ ഭക്ഷ്യ മേളയും സന്ദേശയാത്രക്ക് നിറം പകര്‍ന്നു. അട്ടപ്പാടി വനസുന്ദരി ചിക്കന്‍ ഭക്ഷ്യമേളയിലെ താരമായി. 2023 സെപ്റ്റംബര്‍ 18 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച യാത്രയാണ് ഒന്‍പത് ജില്ലകള്‍ പിന്നിട്ട് വയനാട്ടില്‍ എത്തിയത്.

മില്ലറ്റുകളുടെ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാനും അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ 2023 അന്താരാഷ്ട ചെറുധാന്യ വര്‍ഷമായി പ്രഖാപിച്ചിട്ടുള്ളതിന്റെ ഭാഗമായാണ് കുടുംബശ്രീ ചെറുധാന്യ സന്ദേശ യാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ ചെറുധാന്യ കലവറയായ അട്ടപ്പാടിയില്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന തനത് ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുവാനും ഉത്പന്നങ്ങളുടെ വിപണനം ഉയര്‍ത്താനും എല്ലാ ജില്ലകളിലും ചെറുധാന്യ കൃഷി വ്യാപിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ചെറുധാന്യ സന്ദേശ യാത്രയുടെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉല്‍പ്പന്ന പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംഎല്‍എമാരായ മുഹമ്മദ് മുഹ്സിന്‍, നജീബ് കാന്തപുരം, കെ.വി സുമേഷ് , എം.എസ് അരുണ്‍ കുമാര്‍ എന്നിവര്‍ സ്റ്റാളില്‍ അതിഥികളായി എത്തി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാറില്‍ ചെറുധാന്യ കൃഷിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കോഡിനേറ്റര്‍ കെ.പി കരുണാകരന്‍, കെ രാജമ്മ, ബി.എം കമല തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ സലീന, വി.കെ റജീന, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാ മിഷന്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.