11 മാസത്തിനകം ഡിജിറ്റല്‍ റീസര്‍വ്വെ നടത്തിയത് 1.60 ലക്ഷം ഹെക്ടറില്‍ : മന്ത്രി കെ രാജന്‍
ഭൂസേവനങ്ങള്‍ വേഗത്തിലും സുതാര്യവുമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 1.60 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ഡിജിറ്റല്‍ റീസര്‍വ്വെയുടെ രണ്ടാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ പാറമേക്കാവ് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
11 മാസങ്ങള്‍ക്കുള്ളിലാണ് അഭിമാനകരമായ ഈ നേട്ടം സംസ്ഥാനം കൈവരിച്ചത്. സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് 1.60 ഹെക്ടര്‍ ഭൂമിയില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിരിക്കുന്നത്. 1995 മുതല്‍ 2022 വരെ ആകെ 72,000 ഹെക്ടര്‍ ഭൂമിയില്‍ മാത്രം റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥാനത്താണ് 2022 നവംബര്‍ ഒന്നിന് ആരംഭിച്ച ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഇത്രയേറെ ഭൂമി അളക്കാനായതെന്നും മന്ത്രി പറഞ്ഞു .
തൃശ്ശൂര്‍ ജില്ലയിലെ 23 വില്ലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വ്വെ നടത്തിയാണ് രണ്ടാംഘട്ടത്തിന് തുടക്കമാവുക. ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാക്കുന്ന ഭൂമി സംബന്ധമായ വിവരങ്ങള്‍ എന്റെ ഭൂമി പോര്‍ട്ടല്‍ വഴി ആര്‍ക്കും മൊബൈല്‍ വഴി പരിശോധിക്കാം. സര്‍വേ, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ വിവരങ്ങള്‍ സമന്വയിപ്പിച്ച് എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ അടുത്ത മാസത്തോടെ നിലവില്‍ വരും. ആദ്യഘട്ടത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ആലപ്പാട് ഉള്‍പ്പെടെ കേരളത്തിലെ 15 വില്ലേജുകളിലെ ഭൂവിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതോടെ പോക്കുവരവ് ഉള്‍പ്പെടെയുള്ള നടപടികള്‍ കൂടുതല്‍ എളുപ്പവും സുതാര്യവുമാകും. ഭൂമി കൈമാറ്റ വേളയിലെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ ഇതിലൂടെ സാധ്യമാവും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമി സംബന്ധമായ രേഖകള്‍ സുതാര്യവും കൃത്യവുമാക്കുന്നതില്‍ വിപ്ലവകരമായ നേട്ടങ്ങളാണ് ഡിജിറ്റല്‍ സര്‍വേയിലൂടെ കൈവരിക്കാനായത്. സര്‍വേ നടത്തി സ്ഥാപിച്ച കല്ലുകളും കുറ്റികളും പിഴുതുമാറ്റിയാലും ഡിജിറ്റല്‍ സര്‍വേയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റല്‍ വേലികള്‍ നിലനില്‍ക്കും. ഡിജിറ്റല്‍ റീസര്‍വേ നടത്തിയാല്‍ പട്ടയമില്ലാത്ത ഭൂമിക്ക് അത് ലഭിക്കില്ലെന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൈയേറ്റ ഭൂമികള്‍ ഉള്‍പ്പെടെ കണ്ടെത്തി അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ശ്രമങ്ങളാണ് റീസര്‍വേയിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. കൈയേറ്റത്തെയും കുടിയേറ്റത്തെയും രണ്ടായി കാണുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ഭൂമി കൈയേറികൈവശം വച്ചിരിക്കുന്നവര്‍ എത്ര ഉന്നതരായാലും അവരില്‍ നിന്ന് അത് തിരിച്ചുപിടിക്കും. കുടിയേറ്റക്കാര്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമി പതിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കേരള മാതൃകയില്‍ ഡിജിറ്റല്‍ റീസര്‍വേ നടപ്പിലാക്കുന്നതിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സഹായം തേടിയത് അഭിമാനകരമായ നേട്ടമായാണ് കാണുന്നത്. സര്‍വേ വകുപ്പ് ഡയരക്ടര്‍ സീറാം സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ എം കെ വര്‍ഗ്ഗീസ്, ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു, അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, എഡിഎം ടി മുരളി, മറ്റു ജനപ്രതിനിധികള്‍, സര്‍വേ ഡെപ്യൂട്ടി ഡയരക്ടര്‍ പി കെ ഷാലി,സര്‍വേ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.