മലപ്പുറം ജില്ലയിൽ ഈ മാസം മൂന്ന് കുട്ടികൾക്കും 15 മുതിർന്ന വ്യക്തികൾക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതോട് കൂടി ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായി. എല്ലാവരും തന്നെ കുഷ്ഠരോഗത്തിനെതിരെയുള്ള വിവിധൗഷധ ചികിത്‌സയിലാണ്.
2023 സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ആണ് ആയിരുന്നു ജില്ലയിൽ ബാല മിത്ര 2.0 ക്യാമ്പയിൻ നടപ്പിലാക്കുന്നത്. കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള പരിപാടിയാണ് ബാല മിത്ര. സ്കൂൾ അധ്യാപകർ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി ഇവർ വഴി കുട്ടികളെ സ്ക്രീനിങ് പരിശോധനകൾ നടത്തുകയും കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടാൽ സൗജന്യമായി വിദഗ്ധ ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് ബാലമിത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാമ്പയിൻ വഴിയാണ് ജില്ലയിൽ പുതിയ കുഷ്ഠരോഗികളുണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയാൽ വിവിധൗഷധ ചികിത്സ വഴി പൂർണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം.
സ്കൂളുകളിലും അംഗൻവാടികളിലും കൃത്യമായ ബോധവൽക്കരണ ക്യാമ്പയിൻ നടത്തിയതിന്റെ ഫലമായി വിദ്യാർത്ഥികളും അധ്യാപകരും വഴി രക്ഷിതാക്കളിലേക്ക് കൃത്യമായ സന്ദേശങ്ങൾ എത്തുകയും എല്ലാവരും കുഷ്ഠരോഗ പ്രതിരോധത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളിലും കുട്ടികളിലും ശാസ്ത്രീയമായി തന്നെ പരിശോധന നടത്തുകയും അതുകൊണ്ടുതന്നെ പുതിയ കുഷ്ഠരോഗികളെ ജില്ലയിൽ കണ്ടെത്തുകയും ചെയ്യുകയാണ് ഉണ്ടായത്. ഐക്യരാഷ്ട്രസഭ സഭയുടെ നിർദ്ദേശപ്രകാരം 2030 ഓടുകൂടി ലോകത്തിൽ നിന്നും നിർമ്മാർജ്ജനം ചെയ്യേണ്ട രോഗങ്ങളിൽ ഒന്നാണ് കുഷ്ഠരോഗം.