മാതൃകാ നിയമസഭയിൽ താരങ്ങളായി വിദ്യാർഥി സാമാജികർ. കേരളാ നിയമസഭാ സമുച്ചയത്തിൽ നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃകാ നിയമസഭയിലാണ് വിദ്യാർഥി സാമാജികർ മിന്നും താരങ്ങളായത്. ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, ചട്ടം 130 അനുസരിച്ചുള്ള ചർച്ച തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു മാതൃകാ നിയമസഭ.

ചോദ്യോത്തര വേളയോടെയാണു കുട്ടികളുടെ മാതൃകാ നിയമസഭ ആരംഭിച്ചത്. ലഹരിക്കെതിരായ ബോധവൽക്കരണം, വിദ്യാർഥികളിലെ മൊബൈൽ ഫോൺ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, തനത് കലാരൂപങ്ങൾ പരിപോഷിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യോത്തര വേളയിൽ വിവിധ അംഗങ്ങൾ ഉന്നയിച്ചത്. എക്സൈസ്, പൊതുവിദ്യാഭ്യാസ മന്ത്രി, പരിസ്ഥിതി, സാംസ്‌കാരിക വകുപ്പ് മന്ത്രിമാർ എന്നിവരുടെ വേഷങ്ങളിലെത്തിയ വിദ്യാർഥികൾ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകി.

വിലക്കയറ്റത്തിനെതിരെ നിയമസഭാംഗം അമാനി മുഹമ്മദ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. എന്നാൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ്  മന്ത്രിയും ഇത് അടിയന്തരമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് അറിയിച്ചു. ഇതോടെ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചു. ലൈബ്രറികൾ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ സഭയിൽ ഉപക്ഷേപം കൊണ്ടുവന്നു. തുടർന്ന് ചർച്ച ചെയ്ത് സബ്സ്റ്റാന്റിവ് മോഷൻ സഭ ഐക്യകണ്ഠേന പാസാക്കി.

തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മാതൃകാ നിയമസഭയിൽ പങ്കെടുത്തത്.  നിയമസഭയുടെ തനതു മാതൃകയിൽ കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ടു ഭാഗത്തായി ഇരുന്ന് സ്പീക്കറുടെ നേതൃത്വത്തിലാണ് സഭ നടത്തിയത്. നാലാംഞ്ചിറ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ സനൂജ് ജി.എസ് ആണ് സ്പീക്കറായി വേഷമിട്ടത്. തൊളിക്കോട് ജി.എച്ച്.എസ്.എസിലെ ഫാത്തിമ എസ് ഡെപ്യൂട്ടി സ്പീക്കറായും വെഞ്ഞാറമൂട്  ജി.എച്ച്.എസ്.എസിലെ ഗൗരിപ്രിയ എസ് മുഖ്യമന്ത്രിയായും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഷിൽപ ടി.എസ് പ്രതിപക്ഷ നേതാവായും വേഷമിട്ടു.