ഭരണഭാഷ മാധുര്യമുള്ളതാക്കി മാറ്റണമെന്ന് എഡിഎം സി മുഹമ്മദ് റഫീഖ്. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഭരണഭാഷ വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസ് ഫയലുകളിലെ ഭാഷയെ പൂർണ്ണമായി മലയാളത്തിൽ കൈകാര്യം ചെയ്യുന്നതോടൊപ്പം അതിനെ മാധുര്യവും ഇമ്പമുള്ളതാക്കിയും മാറ്റണം. മലയാളീകരിക്കാൻ പറ്റാത്ത ഭാഷകൾ ഫയലുകളിൽ കടന്നുവരുമ്പോൾ അത് മലയാളത്തിൽ എഴുതുമ്പോൾ തന്നെ അതിന് ഒരു ഭംഗി കൈവരും.
മലയാള ഭാഷയെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മലയാളികൾ മലയാളത്തെ കൈവിടാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഉൾക്കൊള്ളലിന്റെ ഭാഷയാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ച കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. സംസ്‌കൃതം, തമിഴ്, പോർച്ചുഗൽ, ഡച്ച്, അറബി, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലെ വാക്കുകളെ മലയാള ഭാഷ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത് ഭാഷയും ഉൾക്കൊള്ളാനുള്ള ശേഷി മലയാളത്തിനുണ്ടെന്നും ഏത് ഭാഷയും മലയാളിക്ക് മാതൃഭാഷയായി തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ എല്ലാ പ്രദേശങ്ങളും മാതൃഭാഷയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മലയാളത്തിലും ഭാഷയുടെ വൈകാരിക ബന്ധം തിരിച്ച് കൊണ്ടുവരണമെന്നും ജനങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് ഭാഷയെ സമ്പന്നമാക്കാനുള്ള സംവിധാനങ്ങളുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വീരാൻകുട്ടിക്കുള്ള ഉപഹാരം എഡിഎം സി മുഹമ്മദ് റഫീഖ് കൈമാറി. അസിസ്റ്റന്റ് കലക്ടർ പ്രതീക് ജയിൻ, ഡെപ്യൂട്ടി കലക്ടർമാരായ പി പി ശാലിനി, ഹിമ, സീനിയർ ഫിനാൻസ് ഓഫീസർ കെ പി മനോജൻ, ജില്ലാ നിയമ ഓഫീസർ കെ കെ സേവ്യർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. ബാബു ചാണ്ടുള്ളി സ്വാഗതവും സി കെ ഗീത നന്ദിയും പറഞ്ഞു. ഭരണ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി എഡിഎം സി മുഹമ്മദ് റഫീഖ് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേട്ടെഴുത്ത്, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.