വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ നീരുറവ് പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കക്കോട്ടിരി പാടത്ത് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നമ്മൽ അധ്യക്ഷത വഹിച്ചു.

ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടപ്പാക്കുന്ന ജലസംരക്ഷണ പദ്ധതിയാണ് ‘നീരുറവ്’. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നീർത്തടാധിഷ്ഠിത വികസനത്തിനായുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. നീരുറവ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജലബജറ്റ് തയ്യാറാക്കിയ കുന്ദമംഗലം ബ്ലോക്കിൽ തുടർപ്രവർത്തനം ആരംഭിച്ച് മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ജലസംരക്ഷണ പദ്ധതികൾ കണ്ടെത്തുന്നതിന് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്.

ചടങ്ങിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി മുഖ്യാതിഥിയായി.നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ റെജികുമാർ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി അനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ബിഡിഒ ഡോ. പ്രിയ, സിഡബ്ല്യൂആർഡി എം മുൻ ശാസ്ത്രജ്ഞൻ അബ്ദുൽ ഹമീദ്, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർ മണ്ണത്തൂർ ധർമ്മ രത്‌നൻ സ്വാഗതവും തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ ദാനിഷ് നന്ദിയും പറഞ്ഞു.