കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറിയിൽ ഉത്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേടുവന്ന തെങ്ങുകൾ മുറിച്ചു മാറ്റുന്നതിന് തെങ്ങ് ഒന്നിന് 1000 രൂപ വീതം ധനസഹായം നൽകിയിരുന്നു. ഈ വ്യക്തികൾക്ക് മുറിച്ചുമാറ്റിയ തെങ്ങിന് പകരം നടുവാനുള്ള തെങ്ങിൻ തൈകളാണ് വിതരണം ചെയ്തത്

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4500 ഓളം കുറ്റ്യാടി തെങ്ങിൻ തൈകൾ കോടഞ്ചേരിയിലെ കേര കർഷകർക്ക് സൗജന്യമായി നൽകാൻ സാധിച്ചുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിലൂടെ കൃഷിക്കാർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ലഘൂകരിക്കുവാനും ഉൽപാദന വർദ്ധനവ് ഉറപ്പുവരുത്തുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി പി തേൻമലയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ നിർമ്മല ബസേലിയോസ്, ദിവ്യ, കൃഷിഭവൻ ഉദ്യോഗസ്ഥരായ സജിത്ത് തോമസ്, കോമളം, തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ വാർഡുകളിൽ നിന്നും എത്തിച്ചേർന്ന ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.