സാമൂഹ്യവൽക്കരണ പ്രക്രിയയുടെ ആദ്യപടി ആരംഭിക്കുന്നത് അങ്കണവാടികളിൽ നിന്നാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കാറളം പഞ്ചായത്തിലെ സൂര്യ അങ്കണവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശിശു പരിചരണം ശാസ്ത്രീയമായി നടത്തുന്നതിനായി ആധുനികവൽക്കരിക്കപ്പെട്ട സ്മാർട്ട് കെട്ടിടങ്ങൾ ഇന്ന് അങ്കണവാടികൾക്കുണ്ട്. ശിശു പരിചരണത്തിൽ മാത്രമല്ലാതെ പഞ്ചായത്തുകളുടെ വികസനത്തിന്റെ പ്രധാനപ്പെട്ട മേഖലയിലെല്ലാം അങ്കണവാടി പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.

റീബിൽഡ് കേരള ഇനിഷ്യെറ്റീവ് ഫണ്ടായ 27 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നിർമ്മിച്ചത്.
ഇരു നിലകളിലായി നിർമ്മിച്ച സ്മാർട്ട്‌ അങ്കണവാടിയിൽ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

കാറളം പഞ്ചായത്തിലെ താണിശ്ശേരി അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങിൽ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരിത വിനോദ്, കാറളം ഗ്രാമപഞ്ചായത്ത് എ.ഇ. ശുഭ പി.വി, വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.