നാട്ടിക മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നാട്ടിക മണ്ഡലത്തിലെ ഓരോ ബൂത്ത് തലങ്ങളില്‍ നിന്ന് വീട്ടുമുറ്റ യോഗങ്ങളിലേക്കും അവിടെ നിന്ന് ഓരോ കുടുംബത്തിലേക്കും നവകേരള നിര്‍മ്മിതിയുടെ ആശയ പ്രവര്‍ത്തനങ്ങള്‍ എത്തുന്നതിന് വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കണം. നവംബര്‍ 15 നകം സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് വിപുലമായ പരിപാടികള്‍ക്ക് വേണ്ട കൃത്യമായ ചുമതലകള്‍ ഓരോ കമ്മിറ്റിക്കും നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അതിനോടൊപ്പം കമ്മിറ്റി പ്രവര്‍ത്തങ്ങള്‍ സംബന്ധിച്ച് ബഡ്ജറ്റ് തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 5 ന് നാട്ടികയില്‍ നടക്കുന്ന നവകേരള സദസ്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പരമാവധി മണ്ഡലം തല പ്രചരണം ഉറപ്പ് വരുത്തുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു.
ചാഴൂര്‍ അച്യുത മേനോന്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ സി.സി മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ഡലം തല കോര്‍ഡിനേറ്ററായ ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്‍ ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടില്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി.ജി വനജകുമാരി, പ്രോഗ്രാം കമ്മിറ്റിയംഗം പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍, മണ്ഡലത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, സബ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.