വടക്കാഞ്ചേരി നിയോജക മണ്ഡലം സമഗ്രമായ വികസനത്തിന്റെ പാതയിലാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുണ്ടൂർ – അവണൂർ – മണിത്തറ മെഡിക്കൽ കോളേജ് റോഡ് നവീകരണ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ നിരവധിയായ റോഡുകൾ ബി എം ആന്റ് ബി സി നിലവാരത്തിൽ നവീകരിക്കുകയാണ്. മെഡിക്കൽ കോളേജിനെയും സംസ്ഥാനപാതകളെയും ബന്ധിപ്പിക്കുന്ന റോഡുകൾ ഉയർന്ന നിലവാരത്തിൽ ഗതാഗതം സാധ്യമാകുന്നതോടെ വലിയ വികസനമാണ് യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഗവ. മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന പാതയായ അവണൂർ റോഡിന്റെ മണിത്തറ പാലത്തിൽ നിന്നും ആരംഭിച്ച് മുണ്ടൂർ വരെ എത്തിച്ചേരുന്ന ഭാഗവും വെളപ്പായ മെഡിക്കൽ കോളേജ് റോഡുമാണ് 7.07 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിക്കുന്നത്. അവണൂരിൽ നിന്നും വെളപ്പായയിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള റോഡ് ബി എം ആന്റ് ബി സി നിലവാരത്തിലാണ് നവീകരിക്കുന്നത്.

അവണൂർ റോഡിൽ കുരിയാൽ പാലം മുതൽ പഞ്ഞമൂല വരെ ഇൻഡസ്ട്രിയൽ ഏരിയ വരുന്ന ഭാഗത്ത് ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്നതിനാൽ ഇന്റർലോക്ക് ചെയ്തുമാണ് പ്രവർത്തി നടത്തുന്നത്. തൃശ്ശൂർ – കുറ്റിപ്പുറം റോഡ്, കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡ് എന്നീ രണ്ട് സമാന്തര സ്റ്റേറ്റ് ഹൈവേകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വെളപ്പായ മുണ്ടൂർ റോഡ്. വിവിധ പ്രവർത്തികളിൽ ഉൾപ്പെടുത്തി 25 കോടി രൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് റോഡിൽ നടത്തിവരുന്നത്. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നവർക്ക് വേഗത്തിൽ സുഗമമായ യാത്ര സാധ്യമാവുകയാണ് ഇതിലൂടെ.

അവണൂർ ആൽത്തറ പരിസരത്ത് നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ബേസിൽ ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. ഷീല, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. ഹരീഷ്, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിനി, ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല സുനിൽകുമാർ, പി.വി. ബിജു, അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, അവണൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എൻ.കെ. രാധാകൃഷ്ണൻ, തോംസൺ തലക്കോടൻ, അഞ്ജലി സതീഷ്, അവണൂർ പഞ്ചായത്ത് മെമ്പർ ഐ.ആർ. മണികണ്ഠൻ, സി.ഒ. ഔസേഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.