സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലാ ആസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഓപ്പറേഷന്‍ തീയറ്റര്‍, ഒ.പി. വിഭാഗം, സി.ടി. സ്‌കാന്‍ സൗകര്യങ്ങള്‍, കാത്ത്ലാബ്, പുതിയ കെട്ടിട സൗകര്യങ്ങള്‍, കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം, പുതിയ തസ്തികള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവ ഉടന്‍ നടപ്പിലാകും .

ചെറുതോണിയില്‍ ബി എസ്.സി നഴ്സിംഗ് കോളേജ് ആംരംഭിച്ചു കഴിഞ്ഞു. ശുദ്ധജലം ഉറപ്പാക്കാന്‍ സംസ്ഥാനവ്യാപകമായാണ് കുടിവെള്ളപദ്ധതി നടപ്പാക്കുന്നത്. ഇടുക്കി നിയോജകമണ്ഡലത്തില്‍ മാത്രം 715 കോടിയുടെ കുടിവെള്ളപദ്ധതിയാണ് നടപ്പാക്കുന്നത്. 2025 നവംബര്‍ 1 ന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യനിര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തിനു തന്നെ മാതൃകയായ വികസനപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തു നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തടിയമ്പാട് കമ്യൂണിറ്റി ഹാളില്‍ നടത്തിയ യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.067 കോടി (3,00,67,589) രൂപ ചിലവിട്ടാണ് തടിയമ്പാട് കമ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതലപഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, ആന്‍സി തോമസ്, ബിനോയി വര്‍ക്കി, സിജി ചാക്കോ, ഏലിയാമ്മ ജോയി, ആലീസ് ജോസ്, പ്രഭാ തങ്കച്ചന്‍, വിന്‍സെന്റ് വള്ളാടി, കുട്ടായി കറുപ്പന്‍, നൗഷാദ് ടി. ഇ, രാജു കല്ലറക്കല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഷിജോ തടത്തില്‍, പി.ബി സബീഷ്, സണ്ണി ഇല്ലിക്കല്‍, മുഹമ്മദ് പനച്ചിക്കല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.പി വിനുകുമാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.