വയനാട് ജില്ലയിലെ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും സമഗ്രമായ കര്‍മ്മ പദ്ധതികള്‍ അനിവാര്യമാണെന്ന് ശില്‍പ്പശാല അഭിപ്രായപ്പെട്ടു. സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററും കാര്‍ഷിക വികസന കര്‍ഷക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസര്‍, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെ കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ നടത്തിയ ശില്‍പ്പശാലയാണ് കാലാവസ്ഥാ വ്യതിയാനത്തിലെ ആകുലതകള്‍ പങ്കുവെച്ചത്.
കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ഇതിനെ അതിജീവിക്കാന്‍ പരിസ്ഥിതി പുനഃസ്ഥാപനമടക്കമുള്ള പരിഹാര പ്രവര്‍ത്തനങ്ങള്‍ സംയോജിതമായും സമയബന്ധിതമായും നടപ്പിലാക്കണം. വയലുകളും വനങ്ങളും നാണ്യവിളകളും ഒരേപോലെ സംരക്ഷിക്കപ്പെടണം. കാര്‍ഷിക വിദഗ്ധ ഉഷാ ശൂലപാണി, രാജേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ കാലാവസ്ഥ വ്യതിയാനവും വയനാടന്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ശില്‍പ്പശാലയില്‍ പങ്കുവെച്ചു. പ്രകൃതിയുടെ സ്വാഭാവികമായ സന്തുലനാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ജില്ലയില്‍ വ്യാപകമാക്കണം. വെള്ളവും മണ്ണും സംരക്ഷിക്കാനുള്ള സമഗ്രമായ കര്‍മ്മ പദ്ധതി ഉണ്ടാകണം, ആശ്വാസം, വിമുക്തി, പുനരുജ്ജീവനം എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പരിസ്ഥിതി പുനഃസ്ഥാപനത്തില്‍ കര്‍ഷകരുടെ പങ്കാളിത്തം വ്യാപകമായി ഉറപ്പു വരുത്തണമെന്നും ശില്‍പ്പശാല ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വയനാട് ജില്ല നേരിടുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും കാര്‍ഷിക മേഖലയില്‍ രൂപപ്പെടുത്തേണ്ടുന്ന പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായാണ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടുന്നതിനുള്ള വഴികള്‍, ധനസമാഹര മാര്‍ഗ്ഗങ്ങള്‍, ഏജന്‍സികള്‍ എന്നിവയെ ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ ശിലാപശാലകള്‍ നടക്കുകയാണ്. ഇവയില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ്.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, ഊര്‍ജ്ജ കാര്യക്ഷമതാ വിദഗ്ദന്‍ ജോണ്‍സണ്‍ ഡാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.