മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന് ഡിസംബര്‍ 5 ന് 3 മണിക്ക് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വേദിയാവുകയാണ്. നാടിന്റെ വികസന ഭൂപടത്തില്‍ നാഴികക്കല്ലായി മാറാന്‍ പോകുന്ന സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മന്ത്രിസഭ ഒന്നാകെ എത്തിച്ചേരുകയെന്ന അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.

നവ കേരള സദസ്സിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും.

ഡിസംബര്‍ ഒന്നിന് മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നവ കേരള അക്ഷരദീപം തെളിയിക്കും. ഇതിനോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം എന്ന വിഷയത്തില്‍ പ്രബന്ധ രചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ അന്നേദിവസം ജീവനക്കാര്‍ നവ കേരള പ്രതിജ്ഞ എടുക്കും. ഡിസംബര്‍ ഒന്നിന് വൈകീട്ട് സാംസ്‌കാരിക ഘോഷയാത്രയോടെ സുവോളജിക്കല്‍ പാര്‍ക്കില്‍ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമാകും. ഒന്നാം തീയതി പുത്തൂര്‍ ഗ്രാമപഞ്ചായത്തും 2 ന് മാടക്കത്തറ ഗ്രാമപഞ്ചായത്തും 3 ന് പാണഞ്ചേരി ഗ്രാമപഞ്ചായത്തും 4 ന് നടത്തറ ഗ്രാമപഞ്ചായത്തും 5 ന് തൃശ്ശൂര്‍ കോര്‍പ്പറേഷനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

നവ കേരള സദസ്സിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ വിഷയങ്ങളെക്കുറിച്ച് സെമിനാര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നടക്കും. മൃഗസംരക്ഷണ ക്ഷീര മേഖലയില്‍ നവകേരള സാധ്യതകളെക്കുറിച്ച് പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ സെമിനാര്‍ നടക്കും.

ഡിസംബര്‍ 3 ന് വൈകീട്ട് നിയോജകമണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും നവ കേരളദീപം തെളിയിക്കും.

ഡിസംബര്‍ 5 ന് മൂന്നുമണിയോടെ സുവോളജിക്കല്‍ പാര്‍ക്കിലെ പ്രധാന വേദിയില്‍ ജയരാജ് വാര്യരും ഔസേപ്പച്ചനും നേതൃത്വം നല്‍കുന്ന സംഗീത പരിപാടി നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങും.

കേരളത്തിലെ ജനകീയ മന്ത്രിസഭയാകെ പുത്തൂരിലേക്ക് എത്തിച്ചേരുന്നതിനെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഒല്ലൂര്‍ മണ്ഡലം. മണ്ഡലം – പഞ്ചായത്ത് – ബൂത്തുതലം വരെയുള്ള സംഘാടകസമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.