ജില്ലയിലെ അശരണരായ 64 വനിതകള്‍ക്ക് ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി എംപ്ലോയ്‌മെന്റ് വകുപ്പ്. പദ്ധതിയുടെ 28-ാമത് ജില്ലാ സമിതിയോഗത്തിലാണ് വനിതകള്‍ക്ക് സ്വയം തൊഴിലിനാവശ്യമായ ധനസഹായം പാസ്സാക്കിയത്. ജില്ലാ സമിതി മുമ്പാകെ 67 അപേക്ഷകളാണ് വന്നത്.

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം ബന്ധം വേര്‍പ്പെടുത്തിയവര്‍, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍, പട്ടികവര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഒരാള്‍ക്ക് 50,000 രൂപ വീതം 50 ശതമാനം സബ്‌സിഡി നിരക്കിലാണ് സ്വയം തൊഴിലിനായി പലിശ രഹിത വായ്പ നല്‍കുന്നത്. എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ടി മുരളി അധ്യക്ഷനായി. ജില്ലാ എംപ്ലോയിമെന്റ് ഓഫീസര്‍ എന്‍ വി സമീറ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ റെക്‌സ് തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ കെ സി രേഖ, പി എസ് അനിത, സെല്‍സണ്‍ ഡേവീസ് തുടങ്ങിയവര്‍ പങ്കെടുത്തു.