നവകേരള സദസ്സിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന് ജില്ലയൊരുങ്ങി. നവംബര് 23 ന് നടക്കുന്ന നവകേരള സദസ്സിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില് നടക്കുന്നത്. കണ്ണൂര് ജില്ലയിലെ നവകരേള സദസ്സുകള് പൂര്ത്തിയാക്കി ബുധനാഴ്ച രാത്രി എട്ടോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തും. വ്യാഴാഴ്ച രാവിലെ 9 ന് കല്പ്പറ്റ ചന്ദ്രിഗിരി ഓഡിറ്റോറിയത്തില് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില് പ്രഭാതയോഗം നടക്കും. നവകേരള സദസ്സിന്റെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നൊരുക്കങ്ങള് ജില്ലാ കളക്ടര് ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില് വിലയിരുത്തി. സുരക്ഷാക്രമീകരണങ്ങള്, പ്രഭാത സദസ്സ്, പരാതി സ്വീകരണ കൗണ്ടറുകള് തുടങ്ങിയവ സംബന്ധിച്ച് ജില്ലാ കളക്ടര് വിവിധ വകുപ്പുകള്ക്ക് നിര്ദ്ദേശം നല്കി.
വിഷയ സമന്വതകളുടെ പ്രഭാതയോഗം
വയനാട് ജില്ലയുടെ സമഗ്രമായ വിഷയങ്ങള് പ്രഭാത യോഗത്തില് ചര്ച്ച ചെയ്യും. വ്യത്യസ്ത മേഖലകളില് നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ആശയ വിനിമയം നടത്തും. ക്ഷണിക്കപ്പെട്ട അതിഥികള്ക്ക് മാത്രമാണ് പ്രഭാതയോഗത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. ഇവിടെ പെ#ാതുജനങ്ങള്ക്ക് പരാതി നല്കാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളില് നിന്നുള്ള നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാതയോഗത്തില് നിന്നും സ്വരൂപിക്കുകയും ഇവയെല്ലാം ക്രോഡീകരിച്ച് വയനാടിനായി പുതിയ വികസന നയം രൂപീകരിക്കുകയുമാണ് ലക്ഷ്യം.
ജില്ലയില് നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നുറോളം പേര് പ്രഭാതയോഗത്തില് പങ്കെടുക്കും. വിവിധ മേഖലയില് നിന്നുള്ള പുരസ്‌കാര ജേതാക്കള്, കലാകാരന്മാര്, സാമൂഹ്യ സാംസ്‌കാരിക പ്രവര്ത്തകര്, കര്ഷക പ്രതിനിധികള്, വെറ്ററന്സ് പ്രതിനിധികള്, കര്ഷക തൊഴിലാളികളുടെ പ്രതിനിധികള് , സഹകരണ സ്ഥാപന തൊഴിലാളികകളുടെ പ്രതിനിധികള് തുടങ്ങി സാമൂഹത്തിന്റെ നാനാമേഖലയിലുള്ളവര് നവകേരള സദസ്സിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. ഇവര്ക്കുള്ള ജില്ലാ കളക്ടറുടെ പ്രത്യേക ക്ഷണക്കത്തുകള് സംഘാടകസമതി മുഖേനയാണ് എത്തിക്കുന്നത്.