മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വലിയ വികസനങ്ങള്‍
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബില്‍ നിന്നുള്ള ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികളെ പ്രവേശിപ്പിച്ച് കിടത്തിച്ചികിത്സ ആരംഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു അസോസിയേറ്റ് പ്രഫസറുടെയും ആരോഗ്യ വകുപ്പില്‍ നിന്നും 2 ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെയും മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് സേവനം ഉപയോഗപ്പെടുത്തിയാണ് കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം. കാത്ത് ലാബില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള രണ്ടു കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ താത്ക്കാലിക സേവനവും ആരോഗ്യവകുപ്പില്‍ നിന്ന് ഒരു മുഴുവന്‍ സമയ കാര്‍ഡിയോളജി ഡോക്ടറുടെ സേവനവും ഇതിന് പുറമേ ലഭ്യമാക്കിയിട്ടുണ്ട്. 8.23 കോടി ചെലവഴിച്ചാണ് കാത്ത് ലാബ് സജ്ജമാക്കിയത്.
വയനാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കിടത്തിച്ചികിത്സ ഈ ആഴ്ച ആരംഭിക്കാന്‍ നടപടിയായി. 40 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച നേത്ര രോഗ ചികിത്സാ വിഭാഗം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് വയനാട് മെഡിക്കല്‍ കോളേജില്‍ നടന്നത്. 45 കോടിയുടെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു. മോഡേണ്‍ മോര്‍ച്ചറി കോംപ്ലക്സ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
45 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു പ്രവര്‍ത്തന സജ്ജമാക്കി. 1.07 കോടിരൂപ ചെലവില്‍ ഒ.പി.ഡി. നവീകരിച്ചു. 1 കോടി ചെലവഴിച്ച് ലേബര്‍റൂം സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നടത്തി. ഡെന്റല്‍ ലാബ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. ആധുനിക സൗകര്യങ്ങളോടെ സ്പെഷ്യല്‍ ന്യൂബോണ്‍ കെയറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കി. രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍, പവര്‍ ലോണ്‍ട്രി, 15 ലക്ഷം രൂപ ചെലവഴിച്ചുള്ള ബയോമെഡിക്കല്‍ മാലിന്യശേഖരണ യൂണിറ്റ്, 10 ലക്ഷം ചെലവഴിച്ച ഭിന്നശേഷി സൗഹൃദ റാമ്പ് എന്നിവ സജ്ജമാക്കി.
10 ലക്ഷം രൂപ ചെലവിട്ട് ഐ.സി.യു.വും 20 ലക്ഷം രൂപ ചെലവില്‍ കുട്ടികളുടെ ബ്ലോക്കും നവീകരിച്ചു. 46.12 ലക്ഷം രൂപ വിനിയോഗിച്ച് സെന്‍ട്രല്‍ സ്റ്റോര്‍ മെയിന്റനന്‍സ്, 1.23 കോടി രൂപ ചെലവഴിച്ച് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 1 കോടിരൂപ ചെലവില്‍ ഡയാലിസിസ് യൂണിറ്റ് മെയിന്റനന്‍സ് എന്നിവ നടത്തി. ജെറിയാട്രിക് വാര്‍ഡ് നിര്‍മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചു. ‘കനിവ്’ 108 ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു.
പ്രസവാനന്തരം അമ്മയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിന് മാതൃയാനം പദ്ധതി ആരംഭിച്ചു. ആദ്യമായി പ്ലാസ്മ തെറാപ്പി തുടങ്ങി. മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. കോസ്മെറ്റിക് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 10 മുതല്‍ 19 വരെ പ്രായമുള്ളവര്‍ക്കായി കൗമാര ആരോഗ്യ സൗഹൃദ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. സി.ടി സ്‌കാന്‍ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളോടെ സ്‌കാനിങ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമാക്കി.
ജനറല്‍ സര്‍ജറി വിഭാഗം, അസ്ഥിരോഗ ചികിത്സാ വിഭാഗം, നേത്ര ശസ്ത്രക്രിയാ വിഭാഗം, പ്രസവ/സ്ത്രീരോഗ ചികിത്സാ വിഭാഗം, ദന്തരോഗ ചികിത്സാ വിഭാഗം, ശിശുരോഗ ചികിത്സാ വിഭാഗം എന്നീ സ്പെഷ്യാലിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. നേത്രബാങ്ക് സജ്ജമാക്കി. ലഹരിമോചന ചികിത്സാ സംവിധാനമായ ‘വിമുക്തി’യുമായി ബന്ധപ്പെട്ട് കിടത്തിച്ചികിത്സ ആരംഭിച്ചു.
ഹീമോഫീലിയ, സിക്കിള്‍സെല്‍ സെന്ററിന് 50 ലക്ഷം രൂപ വകയിരുത്തി. സിക്കിള്‍സെല്‍ രോഗികള്‍ക്കായി ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയകള്‍ ഈ മാസം ആരംഭിക്കും. സിക്കിള്‍സെല്‍ രോഗികളുടെ ചികിത്സാര്‍ത്ഥം എച്ച്പിഎല്‍സി മെഷീന്‍ (12 ലക്ഷം) പ്രവര്‍ത്തന സജ്ജമാക്കി. സിക്കിള്‍സെല്‍ രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡ് സജ്ജീകരിച്ചു.
ഈ മെഡിക്കല്‍ കോളേജ് പൂര്‍ണസജ്ജമാകുന്നതോടെ വയനാട് ജില്ലയിലേയും അയല്‍ ജില്ലയായ കണ്ണൂരിലേയും, കര്‍ണ്ണാടകത്തിലെ കുടക്, തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ എന്നിവടങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ സഹായകരമാകും.