വയനാട് തുരങ്കപാത നടപടികള്‍ വേഗത്തിലാണെന്നും സാങ്കേതിക പഠനവും റിപ്പോര്‍ട്ടും തയ്യാറാക്കലും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രഭാതയോഗത്തില്‍ ക്ഷണിതാക്കളുടെ വിഷയാവതരണത്തിന് ശേഷം മറുപടി പറയുകയായിരുന്നു മന്ത്രി. കൊങ്കണ്‍ റെയില്‍വേ ടീമിനെയാണ് ഇതിന്റെ സാങ്കേതിക പഠനത്തിനായി നിയോഗിച്ചിട്ടുള്ളത്. കര്‍ണ്ണാടകയുമായി ബന്ധപ്പെട്ട യാത്ര പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും കര്‍ണ്ണാടകം അയവിന് തയ്യാറായില്ല. കര്‍ണ്ണാടകയിലെ പുതിയ സര്‍ക്കാരുമായി തുടര്‍ചര്‍ച്ചയ്ക്ക് ശ്രമിക്കും. പുതിയ സാഹചര്യത്തില്‍ വീണ്ടും ശ്രമിക്കും. ജില്ലാതലത്തിലും അതിനുള്ള ശ്രമങ്ങള്‍ നടത്തണം.

വന്യജീവി ആ്ക്രമണം വന്‍തോതില്‍ കൃഷി നാശത്തിന് വഴിയൊരുക്കുന്നുണ്ട്. വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ഇതിനായി പരിഹാര പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനായി 3 കോടി 88 ലക്ഷം രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗം കാത്ത് ലാബ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കാര്‍ഡിയോളജിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. അര്‍ബുദ രോഗ വിഭാഗത്തില്‍ പ്രാധാന്യ നല്‍കിയുള്ള ചികിത്സ ലഭ്യമാക്കും. സിക്കിള്‍ സെല്‍ അനീമിയ യൂണിറ്റ് നല്ല രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ട്രാന്‍സ്‌ജെന്‍ഡര്‍ ഹോര്‍മോണ്‍ യൂണിറ്റും ജില്ലയില്‍ സ്ഥാപിക്കും. മരിയനാട് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തും. കാപ്പികര്‍ഷകരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് ജില്ലയില്‍ ്സ്ഥാപിക്കും. കാപ്പി കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പദ്ധതികളും യാഥാര്‍ത്ഥ്യമാക്കും.

കോഫി പാര്‍ക്കിന്റെ ശിലാസ്ഥാപനം ജനവരിയില്‍ നടക്കും. ഹബ്ബ് ആന്‍ഡ് സ്‌കോപ്പ് പദ്ധതികൂടി നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകും. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും. വയനാട്ടിലേക്കുള്ള റോപ്പ് വേ സൗകര്യം പരിശോധിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ പ്രശ്‌ന പരിഹാരത്തിന് മുന്‍ഗണന നല്‍കും. ജില്ലയില്‍ ശോച്യാവസ്ഥയുള്ളതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ റോഡുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ അഭിവൃദ്ധിയും പുരോഗതിയുമുണ്ടാക്കും. പുതിയ സ്ഥാപനങ്ങള്‍ ഇനിയും യാഥാര്‍ത്ഥ്യമാകും. പുതിയ കോഴ്‌സുകള്‍ പഠിക്കാന്‍ കഴിയുന്ന നാടാണ് വയനാട്. അതിനായി പുതിയ സ്ഥാപനങ്ങളും അനിവാര്യമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.