ജില്ലയിലെ അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് രോഗികളുടെ സംഘടനാ പ്രതിനിധി സി.ഡി.സരസ്വതി പ്രഭാതയോഗത്തില്‍ ആവശ്യപ്പെട്ടു. 1080 രോഗികളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇവര്‍ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രത്യേക യൂണിറ്റ് തുടങ്ങണം. മികച്ച ചികിത്സ ലഭ്യമാക്കണം. അസ്ഥി,മജ്ജ മാറ്റിവെക്കല്‍ തുടങ്ങിയ ചികിത്സ സൗജന്യമായി ലഭ്യമാക്കണം.ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. പുതിയ കെട്ടിടത്തില്‍ സിക്കിള്‍ സെല്‍ അനീമിയ വാര്‍ഡ് അനുവദിക്കണമെന്നും സി.ഡി.സരസ്വതി പ്രഭാതയോഗത്തില്‍ ആവശ്യപ്പെട്ടു. ഈ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസവും പ്രതീക്ഷയുമുണ്ട്. അരിവാള്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങാതെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.