നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകും എന്ന് പരിശോധിക്കാനാണ് നവ കേരള സദസ്സുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബത്തേരി മണ്ഡലത്തില്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണസംവിധാനങ്ങള്‍ മുന്നോട്ടു പോകാന്‍ കടമെടുക്കേണ്ടിവരും. ഇത് നാടിന്റെ ഭാവിക്കുവേണ്ടിയാണ്. നാടിന്റെ വികസന പദ്ധതികള്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കും. ഈ വരുമാനം കൊണ്ട് വായ്പ തിരിച്ചടക്കാന്‍ കഴിയും.

വിദ്യാലയങ്ങള്‍ ആശുപത്രികള്‍ റോഡുകള്‍ പാലങ്ങള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് കിഫ്ബിയില്‍ നിന്നും വായ്‌പ്പെടുത്തതുകൊണ്ടാണ്. നേരത്തെ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 2016 മുതല്‍ 2021 വരെ 62,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ 80,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാന്‍ കഴിയും. ഇതെല്ലാം കേരളത്തിന്റെ മുഖച്ഛായ മാറ്റും. വിവിധ മേഖലകളില്‍ ആ മാറ്റം പ്രകടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ 19 ഏക്കറില്‍ കോഫി പാര്‍ക്ക് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണിരാജു, പി.രാജീവ്, ആര്‍.ബിന്ദു, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ.രമേശ്, സ്വാഗതസംഘം കണ്‍വീനര്‍ ഇ.സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.