എല്ലാ മേഖലയിലും വികസനം സാധ്യമാക്കുന്നതിന് കാലാനുസൃതമായി മാറ്റം വരണം. എല്ലാവരെയും ചേര്‍ത്തുകൊണ്ട് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനന്തവാടി ജി.വി.എച്ച്. എസ്സില്‍ നടന്ന നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട് നേരിടുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. അതിന് പലരും തടസ്സം നില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ എന്ന നിലക്ക് എന്തൊക്കെ ചെയ്യണം ഇനി എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്നതാണ് നവകേരള സദസ്സിലൂടെ നാടിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചത്. നാട് പുറകോട്ട് പോയിക്കോട്ടെ എന്നാണ് പലരുടെയും മനോഭാവം. അങ്ങനെപോയാല്‍ വരുന്ന തലമുറയുടെ മുമ്പില്‍ നാം കുറ്റക്കാരാകും. നമ്മുടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണം. അത് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മത്സരിച്ചു നില്‍ക്കാനുള്ള ശേഷി നമ്മുടെ യുവതലമുറ നേടണം. അതിനുതകും വിധം ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുകയാണ്. വലിയ മാറ്റങ്ങള്‍ക്കാണ് നാം തയ്യാറെടുക്കുന്നത്. ഇനിയൊരു പ്രകൃതി ദുരന്തത്തിലും തകരാത്ത കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഒ. ആര്‍. കേളു എം.എല്‍. എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാജന്‍, എം.ബി രാജേഷ്, അഹമദ് ദേവര്‍ കോവില്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സബ് കളക്ടര്‍ ആര്‍ .ശ്രീലക്ഷ്മി, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.