ബേക്കൽ മുതൽ കോവളം വരെയുള്ള ജലപാത വികസനം അതാതു പ്രദേശങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാദാപുരം മണ്ഡലം നവകേരള സദസ്സ് കല്ലാച്ചി മാരാംവീട്ടിൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
600 കിലോമീറ്റർ ജലപാത യഥാർഥ്യമാകുന്നതോടെ വിനോദസഞ്ചാരികൾ അത് പ്രയോജനപ്പെടുത്തും. ജലപാതയിൽ 50 കിലോമീറ്റർ പരിധിയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാകും. വിനോദസഞ്ചാരികൾ അവിടെ ഇറങ്ങി നാടിന്റെ ഭംഗി ആസ്വദിക്കുകയും ലഘുഭക്ഷണം കഴിക്കുകയും കലാപരിപാടികൾ കാണുകയും ചെയ്യും. അവർ നമ്മുടെ കടയിലെ നാടൻ ഉത്പന്നങ്ങൾ നല്ല രുചിയോടെ വാങ്ങി കഴിക്കും. നമ്മുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും അവ ഉണ്ടാക്കുന്നതിനെക്കുറിച്ചും അറിയാൻ ശ്രമിക്കും. വീടുകളിലും മറ്റും നിർമിക്കുന്ന മികച്ച ഉൽപ്പന്നങ്ങൾക്ക് നല്ല ഡിമാൻഡ് ഉണ്ടാകും. ഇത് ആ കേന്ദ്രത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കും-മുഖ്യമന്ത്രി വിശദീകരിച്ചു.
ഇപ്പോൾ കേരളത്തിൽ അതിവേഗത്തിൽ എത്താൻ കഴിയുന്ന റെയിൽ ഗതാഗതത്തിന്റെ ആവശ്യം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ റെയിൽവേ വികസനം സാധ്യമാകൂ. നാല് വിമാനത്താവളങ്ങൾക്ക് പുറമെ ശബരിമലയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കരിപ്പൂർ വിമാനത്താവള വികസനത്തിനു ഇപ്പോഴാണ് കേന്ദ്രം സമ്മതം മൂളിയത്. അവിടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തി നല്ല വേഗതയിൽ നടക്കുന്നു.
സംസ്ഥാനത്ത് കാർഷിക ഉൽപ്പാദനം മികച്ച രീതിയിൽ വർധിപ്പിക്കാൻ സാധിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീരമേഖല സ്വയം പര്യാപ്തതയുടെ വക്കിലാണ്. പച്ചക്കറി ഉൽപ്പാദനം ഇരട്ടിയായി. കാർഷിക രംഗത്ത് ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. നാളികേരത്തിൽ നിന്നും ധാരാളം മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കേണ്ടതായിട്ടുണ്ട്.
സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക ആനുകൂല്യം പകുതിയായി വെട്ടിക്കുറച്ചു. ഇങ്ങിനെ ശ്വാസംമുട്ടിക്കാനാണ് ശ്രമം. ഇക്കാര്യം കൂടി ജനസമക്ഷം പറയൽ ആണ് നവകേരള സദസ്സിന്റെ ഉദ്ദേശ്യം.
നവകേരള സദസ്സ് നാടിന്റെ അഭിവൃദ്ധിയ്ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നാം ഇപ്പോഴുള്ള കേരളത്തിൽ നിന്നും കൂടുതൽ ഉയരത്തിൽ സഞ്ചാരിക്കേണ്ടതുണ്ട്. എല്ലാ മേഖലകളിലും വേണ്ട മാറ്റം നാം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആ മാറ്റത്തെ നല്ല രീതിയിൽ ജനങ്ങൾ സ്വീകരിക്കുന്നുണ്ട്. നേരത്തെ ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കൊച്ചി-ഇടമൺ പവർ കോറിഡോർ തുടങ്ങിയ പദ്ധതികൾ ഒന്നും നടക്കാത്ത നിരാശയിൽ ആയിരുന്നു ആളുകൾ. ഇപ്പോൾ പദ്ധതികൾ നടക്കുമെന്നായതോടെ നിരാശ മാറി ആളുകൾ പ്രത്യാശയിലാണ്.
എയിംസ് സ്ഥാപിക്കാൻ കോഴിക്കോട് ജില്ലയിൽ സ്ഥലം ഏറ്റടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടും കേന്ദ്രം അനുമതി നൽകാത്തതും മുഖ്യമന്ത്രി പരാമർശിച്ചു.