കർഷകർ പൂർണ്ണമായും ജൈവ കൃഷിയിലേക്ക് തിരിയണം.

ചെങ്ങന്നൂർ: പ്രളയത്തിനു ശേഷം തളരുകയല്ല, മറിച്ച് മികച്ച മുന്നേറ്റമാണ് കാർഷിക മേഖലയ്ക്കുണ്ടായതെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള ‘പുനർജ്ജനി’ കർമ്മപരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെങ്ങന്നൂരിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിനു ശേഷം തകർന്നടിഞ്ഞ കാർഷിക മേഖലയിലെ പ്രയാസങ്ങൾ പരിഹരിച്ച് പൂർവ്വാധികം ശക്തിയോടെ കൃഷിയെ തിരിച്ചുകൊണ്ടു വരികയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടതോടെയാണ് സംസ്ഥാനതലത്തിൽ ഇത് നടപ്പാക്കാൻ തീരുമാനിച്ചത്. ജൈവ കൃഷിയിലേക്ക് തിരിച്ചു വരാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. പ്രളയശേഷം ആരംഭിക്കുന്ന കൃഷി പൂർണ്ണമായും ശാസ്ത്രീയ മായി നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൃഷി ഇറക്കുന്നതിനൊപ്പം ഇൻഷുറൻസ് പരിരക്ഷ നേടണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നിലവിൽ നൂറ് തൊഴിൽ ദിനങ്ങൾ നൽകിയിരുന്നത് ഇപ്പോൾ നൂറ്റി അമ്പത് ദിവസമായി ഉയർത്തിയിട്ടുണ്ട്. കൃഷി ഭവനുകൾ അതത് പഞ്ചായത്തുകളുമായി ചേർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കാർഷിക പുനരുദ്ധാരണത്തിനായി പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിനെ അടുത്ത വർഷത്തോടെ തരിശു രഹിത മണ്ഡലമാക്കി മാറ്റുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സജി ചെറിയാൻ എംഎൽഎ പറഞ്ഞു.
നഗരസഭാധ്യക്ഷൻ ജോൺ മുളങ്കാട്ടിൽ, കൃഷി വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി. വേണു, ജെബിൻ പി. വർഗ്ഗീസ്, ജോജി ചെറിയാൻ, ജേക്കബ് ഉമ്മൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ബീന നടേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിശ്വംഭരപ്പണിക്കർ, കെ. കെ. രാധമ്മ, പ്രമോദ് കണ്ണാടിശ്ശേരിൽ, ലെജു കുമാർ കെ., ശോഭ വി.കെ., ശിവൻകുട്ടി ഐരാലത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശാമുവേൽ ഐപ്പ്, മനോജ് സി.എസ്., എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം നടന്ന സെമിനാറിൽ ഡോ. റീനാ മാത്യൂ മോഡറേറ്ററായി. ഡോ. കലാവതി, ഡോ. സുജ, ഡോ. ബറിൻ പത്രോസ്, ഡോ. തുളസി, ഡോ. പ്രമോദ് എസ്. എന്നിവർ വിവിധ സെഷനുകൾ നയിച്ചു.