ഡിസംബർ 22 മുതൽ 31 വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ബേക്കൽ ബീച്ച് പാർക്കിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കൂടിയായ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, കേരള പൂരക്കളി അക്കാദമി ചെയർമാൻ മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ, ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഷിജിൻ, ഡി.വൈ.എസ്പി. ഗിരീഷ് കുമാർ ബേക്കൽ, സി ഐ. യു വിപിൻ, സംഘാടക സമിതി ഭാരവാഹികളായ ഹക്കീം കുന്നിൽ, കെ ഇ എ ബക്കർ, കെ. രവിവർമ്മൻ, എം.ഗൗരി, വി. ഗീത, സുകുമാരൻ പൂച്ചക്കാട്, വിവി സുകുമാരൻ, കുഞ്ഞിരാമൻ കുന്നുച്ചി , പി.വി. പത്മരാജൻ, കെ. നിസാർ, മാധവ ബേക്കൽ, കെ.പി. സജീവ്, പി. കെ അബ്ദുളള, മാവുള്ളൽ കുഞ്ഞബ്ദുള്ള, അജയൻപനയാൽ ,സുരേഷ്, സുനിൽ കുമാർ, പി.ശാന്ത, കെ.ശിവദാസ്, അനസ് തുടങ്ങിയവർ പങ്കെടുത്തു.

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബീച്ച് പാർക്കിൽ നടന്ന സംഘാടക സമിതി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സബ് കമ്മിറ്റി കൺവീനർമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ വിപുലമാക്കും. കുടുംബശ്രീ ഹരിത കർമസേന എന്നിവർ ടിക്കറ്റ് വിൽപന നിർവ്വഹിക്കും. ടൂറിസംസ്റ്റാൾ, ഇൻഫർമേഷൻ സെന്റർ എന്നിവ സജ്ജമാക്കും. വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ കോർപറേഷൻ, കുടുംബശ്രീ എന്നിവയും സ്റ്റാൾ ഒരുക്കും. പ്രമുഖ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വിവിധ ദിവസങ്ങളിൽ സംസാരിക്കും.