30 കോടി രൂപയ്ക്ക് ഭരണാനുമതി

കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനും, കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിലേയ്ക്കായുള്ള ഇ-ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനുതകുന്ന തരത്തിലും ഒരു പൊതു ആസ്ഥാന മന്ദിരം രൂപീകരിക്കുന്നതിനായി 30  കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവായതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയറയിലെ കാർഷിക നഗര മൊത്തവ്യാപാര കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലത്തുള്ള  1 ഏക്കർ ഭൂമിയിലാണ്,  കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഒരുമിപ്പിക്കാൻ ഉതകുന്ന ഐ.ടി അധിഷ്ഠിത ആധുനിക ഓഫീസും കർഷക സേവന കേന്ദ്രവും  യാഥാർത്ഥ്യമാകുന്നത്.  കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനു ഏകീകൃത അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി (Integrated & Administrative Hub) പ്രവർത്തിക്കാനുതകുന്ന  കേന്ദ്രം കൂടി ആയിരിക്കുമിതെന്ന് മന്ത്രി പറഞ്ഞു.

നിർദ്ദിഷ്ട പൊതു ഓഫീസ് സമുച്ചയത്തിൽ കൃഷി വകുപ്പുമായി ബന്ധപ്പെട്ട നിലവിൽ സ്വന്തം കെട്ടിടം ഇല്ലാത്ത ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആവശ്യകത കണക്കിലെടുത്ത്, ഈ സ്ഥാപനങ്ങൾ കെട്ടിട നിർമാണത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനനുസരിച്ച്, സ്ഥലം അനുവദിക്കുന്നതിനുള്ള രൂപരേഖ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ തയ്യാറാക്കുന്നതാണ്. കെട്ടിട നിർമ്മാണത്തിന്റെ സാങ്കേതിക എസ്റ്റിമേഷൻ, കോൺട്രാക്ടിങ് എന്നിവ നിശ്ചയിക്കാൻ കാർഷികോത്പാദന കമ്മീഷണർ (കൺവീനർ), കൃഷി ഡയറക്ടർ, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്പെഷ്യൽ ഓഫീസർ WTO, മാനേജിംഗ് ഡയറക്ടർ, കാബ്‌കോ/എം.ഡിയുടെ പ്രതിനിധി, കാബ്‌കോ, സ്റ്റേറ്റ് അഗ്രിക്കൾച്ചർ എഞ്ചിനീയർ/ പ്രതിനിധി,ചീഫ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി (ബിൽഡിംഗ്)/എക്‌സിക്യൂട്ടിവ് എഞ്ചിനീയർ പദവിയുള്ള പ്രതിനിധി ,കെട്ടിട നിർമ്മാണത്തിന് തുക മുടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി/ഡയറക്ടർ (പ്രതിനിധി),

അഡീഷണൽ സെക്രട്ടറി-3, കൃഷി വകുപ്പ് എന്നിവർ  അടങ്ങിയ ഉദ്യോഗസ്ഥ ഉന്നതാധികാര സമിതിയെ  ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 24 മാസത്തിൽ  കെട്ടിട നിർമ്മാണംപൂർത്തീകരിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.