തീരുമാനം നവകേരള സദസ്സിൽ കുട്ടികൾ നൽകിയ നിവേദനം പരിഗണിച്ച്

ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സിൽ പങ്കെടുക്കുമ്പോൾ ആണ് അരീക്കോട് ജി എം എൽ പി സ്കൂളിലെ കുഞ്ഞുങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ കാണാൻ എത്തിയത്. കുട്ടികൾ ഒരു നിവേദനവും കൊണ്ടുവന്നിരുന്നു. നിവേദനം സ്വീകരിച്ച മന്ത്രി കുട്ടികളിൽ നിന്നും സ്കൂളിലെ അധ്യാപകരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

1931 മുതൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് അരീക്കോട് ജി എം എൽ പി സ്കൂൾ. അന്ന് മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ് സ്കൂൾ.

സ്‌കൂളിന് കെട്ടിടം പണിയാൻ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ കെട്ടിടത്തിനായി ഭൂമി കണ്ടെത്തി ഏറ്റെടുക്കണം. അരീക്കോട് ഉൾകൊള്ളുന്ന പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. ഭൂമി ലഭിക്കുന്ന മുറയ്ക്ക് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അപേക്ഷിച്ചാൽ താമസം ഉണ്ടാകാതെ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.മന്ത്രിയുമൊത്ത് സെൽഫി എടുത്താണ് കുട്ടികൾ മടങ്ങിയത്.