ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഭരണകൂടമാണ് സംസ്ഥാനത്തുള്ളതെന്ന് കൃഷി മന്ത്രി പി. പ്രസാദ്.  പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന്റെ ജനതയെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 കേരള പിറവിയോടെ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന്. 64,006 പേരാണ് കേരളത്തിൽ അതിദരിദ്രരുടെ പട്ടികയിലുള്ളത്. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റും.

കാർഷിക മേഖലയിൽ മലപ്പുറത്തിന്റെ പങ്ക് നിർണായകമാണ്. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിക്കൂട്ടങ്ങൾ ഉണ്ടാക്കിയത്. ഇത് നാലായിരത്തിന് മുകളിലാണെന്നും മന്ത്രി പറഞ്ഞു.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന സർക്കാർ കേരളത്തിലുള്ളപ്പോൾ നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് ദേശീയ അടയാളങ്ങളെ മാറ്റിമറിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.