കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വരുന്ന 25 വർഷങ്ങൾ കൊണ്ട് കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചക്കും വേണ്ടിയാണ് ഓരോ നവകേരള സദസ്സും നടത്തുന്നതെന്ന് മന്ത്രി ജി.ആർ അനിൽ. വണ്ടൂർ വി.എം.സി.എച്ച്.എസ്.എസിൽ നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ന് മുമ്പ് സമസ്ത മേഖലകളിലും വികസന മുരടിപ്പുമായി നിന്നിടത്തു നിന്നും നടപ്പാക്കാൻ കഴിയുന്ന മുഴുവൻ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കി മുന്നേറുകയാണ് സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിനായി 82,000 കോടി രൂപയാണ് ചെലവഴിച്ചത്. ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിനായി 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് ചെലവഴിച്ചത്. 5581 കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും എണ്ണമറ്റ വികസനങ്ങൾ മലപ്പുറത്തിനായി നേടിക്കൊടുക്കാനും ഈ സർക്കാർ മുൻപന്തിയിലായിരുന്നു.
പലകാരണങ്ങൾ കൊണ്ട് ഭൂമിക്ക് പട്ടയം ലഭിക്കാതെ വർഷങ്ങളായി ദുരിതമനുഭവിക്കുന്നവർക്ക് പട്ടയ മിഷനിലൂടെ പട്ടയ വിതരണം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് 22736 പട്ടയങ്ങൾ ഇതുവരെ അനുവദിച്ചു. എല്ലാ പഞ്ചായത്തുകളിലും സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ചു. കായിക മേഖലയിൽ വിജയം നേടിയ കുട്ടികൾക്ക് പി.എസ്.സി വഴി ജോലി നേടിക്കൊടുത്തു. എല്ലാവർക്കും അർഹതപ്പെട്ട റേഷൻ കാർഡ് വേഗത്തിൽ നടപ്പാക്കി. പൊതുവിതരണ രംഗത്ത് എല്ലാ ജനങ്ങൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിൽ സർക്കാർ അതീവ ശ്രദ്ധ നൽകിയിട്ടുണ്ട്.
റേഷൻ വിതരണത്തിൽ അനർഹരെ മുൻഗണനാ വിഭാഗത്തിൽ നിന്നും ഒഴിവാക്കി അർഹതപ്പെട്ടവർക്ക് മുൻഗണനാ വിഭാഗം ഭക്ഷ്യധാന്യം നൽകി വരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ആറ് മാസത്തിലൊരിക്കൽ പുനക്രമീകരിക്കുന്നുണ്ട്.
കേന്ദ്ര സർക്കാറിന്റെ നയങ്ങൾ സംസ്ഥാനത്തിന് പല വിധത്തിൽ തിരിച്ചടിയാകുമ്പോഴും മറ്റ് സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാനില്ലാത്ത മുന്നേറ്റമാണ് ഇവിടെ നടന്നുവരുന്നതെന്നും കേന്ദ്ര ഭരണം ചിറ്റമ്മ നയമാണ് നമ്മോട് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.