മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത 66, ജലപാത എന്നിവ പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് മന്ത്രി എം.ബി. രാജേഷ്. വി.എം.സി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച വണ്ടൂർ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മലയോര ഹൈവേയ്ക്കായി വണ്ടൂർ മണ്ഡലത്തിൽ രണ്ട് സ്‌ട്രെച്ചുകളായി 40.6 കോടി രൂപയാണ് ചെലവഴിച്ചത്. സ്ഥലമെറ്റേടുപ്പിനായി ഏറ്റവും മികച്ച നഷ്ടപരിഹാരമാണ് നൽകിയത്. കേരളത്തിന് അർഹമായ വിഹിതം നൽകാതെ സാമ്പത്തികമായി കേന്ദ്ര സർക്കാർ ഞെരുക്കുന്ന സാഹചര്യത്തിൽ കിഫ്ബിയിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കഴിഞ്ഞ ഏഴര വർഷത്തിനിടെ 86,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കിയത്. ഇതിൽ 20,000 കോടി രൂപ ഭൂമിയേറ്റെടുക്കലിനാണ് വിനിയോഗിച്ചത്.

വികസന പ്രവർത്തനങ്ങൾക്കൊപ്പം ക്ഷേമ പ്രവർത്തനങ്ങൾക്കും സർക്കാർ മുൻഗണന നൽകുന്നു. കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക സമീപനത്തെ തുടർന്നുള്ള പ്രതിസന്ധിയെ സർക്കാർ മറികടക്കാൻ ശ്രമിക്കുന്നത് നികുതി വരുമാനം ഉയർത്തിയാണ്. നികുതി വരുമാനം 23,000 കോടിയായി വർധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. നികുതി വരുമാനം ലഭിക്കാനുള്ള കാലതാമസം കൊണ്ടാണ് ക്ഷേമ പെൻഷനുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുന്നത്.

അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വണ്ടൂർ മണ്ഡലത്തിൽ 485 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. ലൈഫ് ഭവന പദ്ധതി വഴി വീട് നിർമ്മിക്കുന്നതിന് 16,000 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 86 ശതമാനവും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് വഹിക്കുന്നത്. എന്നിട്ടും തുച്ഛമായ കേന്ദ്ര വിഹിതം നൽകുന്നതിന്റെ പേരിൽ വീടുകൾക്ക് ചാപ്പ കുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.