വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സമഗ്രവികസനമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്ന്
മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരിന്തൽമണ്ണ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന രംഗങ്ങളിൽ രാജ്യത്ത് തന്നെ മാതൃകയായി കേരളം വളർന്നു. ലൈഫ് മിഷൻ വഴി വീട്, സ്വന്തമായി ഭൂമി, എല്ലാവർക്കും പട്ടയം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, സാമൂഹ്യക്ഷേമ പെൻഷൻ, അതി ദാരിദ്ര്യ നിർമാർജനം തുടങ്ങിയ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾ മാതൃകാപരമാണ്. ലൈഫ് മിഷൻ വഴി നാല് ലക്ഷം വീടുകൾ ഇതിനോടകം നൽകി.

മുഴുവൻ മണ്ഡലങ്ങളിലും വിദ്യാലയങ്ങളെല്ലാം ഹൈടെക് ആക്കാൻ സാധിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നടന്ന 19,644 പി.എസ്.സി നിയമനത്തിൽ 15,146 നിയമനങ്ങളും കേരളത്തിലാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരാൻ പദ്ധതികൾ ആവിഷ്‌കരിച്ചു. സ്ത്രീ സുരക്ഷയിൽ വനിതാ കമ്മീഷന്റെയും വനിതാ പോലീസിന്റെയും സേവനം ശക്തിപ്പെടുത്തി.

കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചപ്പോൾ ആരോഗ്യ മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്താൻ കേരളത്തിന് കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്കരിച്ച് ആരോഗ്യ മേഖലയിൽ മുന്നേറാൻ സാധിച്ചു. താലൂക്ക് ആശുപത്രികളിൽ 100 കോടിയിൽ പരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കാനുള്ള നിരന്തര ഇടപെടൽ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.