ലോകത്തിന്റെ ഹെൽത്ത് ഹബ് ആയി മാറാൻ ഏറെ സാധ്യതയുള്ള സ്ഥലമാണ് പെരിന്തൽമണ്ണയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യ മേഖലയിൽ ചെലവ് കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇക്കാരണത്താൽ തന്നെ നിരവധി വിദേശികളാണ് ഇവിടെയെത്തുന്നത്. പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ ആശുപത്രികളുടെ നഗരമായി അറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ ഈ മേഖലയിൽ കൂടുതൽ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു.

സമാധാനപരമായി ജീവിക്കാനും വ്യവസായങ്ങളും സംരംഭങ്ങളും നടത്തുന്നതിനുമുള്ള സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് വിദേശ രാജ്യങ്ങളിൽ വ്യവസായങ്ങൾ നടത്തുന്നവർ വരെ സമ്മതിക്കുന്ന കാലമാണിത്. ഇവ്വിധം നാട്ടിലെ യുവ ജനങ്ങൾക്ക് നാട്ടിൽ തന്നെ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.