പുതിയ രാഷ്ട്രീയ സംസ്‌കാരത്തിനാണ് നവകേരള സദസ്സിലൂടെ സംസ്ഥാന സർക്കാർ തുടക്കമിട്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാരിന് മുന്നിലേക്കല്ല, മറിച്ച് സർക്കാർ ജനങ്ങൾക്കിടയിലേക്കെന്ന ആശയമാണ് ഇതിലൂടെ സർക്കാർ നടപ്പാക്കുന്നത്.

കർഷകർ ഉൾപ്പടെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഒരു തീൻ മേശക്ക് ചുറ്റും ഇരുന്ന് മന്ത്രിമാരുമായി ചർച്ച നടത്തുന്ന പ്രഭാത സദസ്സുകൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതാണ്. ഇത്തരത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് നവകേരള സദസ്സിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.