മലപ്പുറം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂളുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ യോഗം ചേർന്നു. യോഗത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജഅ്ഫർ കെ കക്കൂത്ത് സ്വാഗതം പറഞ്ഞു. നിലവിൽ ജില്ലയിലുള്ള ബഡ്‌സ് സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നതിനും ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതിനും യോഗം നിർദേശിച്ചു.
ബഡ്‌സ് സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കുടുംബശ്രീ മലപ്പുറം ജില്ല മിഷന്റെ നേതൃത്വത്തിൽ ‘ശേഷി’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ബഡ്‌സ് വിദ്യാർഥികളുടെ പുനരധിവാസം, ഉപജീവന മാർഗം, നിലവിൽ ബഡ്‌സ് സ്ഥാപനങ്ങളുള്ളവയുടെ പ്രവർത്തനങ്ങൾ ഒന്നു കൂടി മികവുറ്റതാക്കുക തുടങ്ങിയവയാണ് ശേഷി പദ്ധതിയുടെ ലക്ഷ്യം. ഇത്തരം പദ്ധതികളിലൂടെ കഴിഞ്ഞ വർഷത്തിൽ മാത്രം 15 പുതിയ ബഡ്‌സ് സ്ഥാപനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും യോഗം നിർദേശിച്ചു. യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഷീബ മുംതാസ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ അസ്‌ക്കർ, പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ. സദാനന്ദൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത് നന്ദി പറഞ്ഞു.