ഭാവി കേരളം എങ്ങനെയാകണം എന്നതിന്റെ ആശയരൂപികരണം നടത്താൻ ജനങ്ങളും പങ്കാളികളാകണം എന്ന തീരുമാനമാണ് നവകേരള സദസ്സ് എന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പാവറട്ടി സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മണലൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനത്തിന്റേയും പ്രത്യാശയുടെയും നിറവിൽ മികച്ച ജനപങ്കാളിത്തത്തോടെ ഏഴ് വർഷകാലം ഭരിക്കാൻ സർക്കാരിന് കഴിഞ്ഞു. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത വികസനം, ക്ഷേമ പെൻഷൻ, പൊതു വിഭാഭ്യാസരംഗം, ആരോഗ്യ രംഗം തുടങ്ങി സമസ്ത മേഖലയിലും ആശാവഹമായ പുരോഗതി നേടാനായി. അന്തർദേശീയ തലത്തിലേക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി ഉയർത്താൻ സാധിച്ചു. ടൂറിസം മേഖലയിൽ പുരോഗതി കൈവരിക്കാനായതും സർക്കാർ നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ മികവുകൊണ്ടാണ്. ഗുരുതരമായ വന്യജീവി പ്രശ്നങ്ങൾ നേരിടുന്ന വന പ്രദേശങ്ങൾ കണ്ടെത്തി സൗരോർജ്ജ വേലികൾ സ്ഥാപിക്കാനുള്ള തീരുമാനം ഇതിനകം എടുത്തിട്ടുണ്ട്. വനമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താൻ വന സൗഹൃദ സദസ്സുകൾ നടത്തിയിരുന്നു. ഇതിൽ ലഭിച്ച 67 പരാതികൾക്കും ദ്രുതഗതിയിൽ പരിഹാരം കാണാനായി. 108 കിലോമീറ്റർ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ സൗന്ദര്യവൽക്കരണത്തിനു അഞ്ചു കോടി രൂപയുടെ പ്രോജക്ട് അന്തിമ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഉദാരമായ നിലപാടാണ് ഈ പ്രയാസങ്ങൾക്കിടയിലും സ്വീകരിച്ചിട്ടുള്ളത്. ഓരോ വകുപ്പും ബന്ധപ്പെട്ട വകുപ്പുകളിൽ സൂക്ഷ്മ തലത്തിലുള്ള പരിശോധനകളും പ്രവർത്തനങ്ങളും പരിഹാരങ്ങളും നടത്തിയാണ് മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു.