നാടിനെ തകർക്കാൻ മാത്രം കാരണമാകുന്ന കേന്ദ്രസർക്കാറിന്റെ നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തൃശ്ശൂർ മണ്ഡലം നവകേരള സദസ്സ് തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾ കരുത്ത് പ്രകടിപ്പിക്കുമ്പോൾ അതിന്റെ ഫലം ഉണ്ടാവും.
നവകേരള സദസ്സിൽ ജനങ്ങൾ നല്ല രീതിയിൽ ഇടപെടുമ്പോൾ കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിൽ വന്ന് പ്രതികരിക്കേണ്ടി വന്നു. കേന്ദ്ര അവഗണനക്കെതിരെ യുഡിഎഫ് എംപിക്ക് പാർലമെന്റിൽ പ്രതികരിക്കേണ്ടിവന്നു. അത് സ്വാഗതാർഹമാണ്. നവകേരള സദസ്സ് ആർക്കും എതിരായ പരിപാടിയല്ല. നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയുമാണ്. ഏതെങ്കിലും മുന്നണിക്ക് അനുകൂലമോ എതിരായോ ഉള്ള പരിപാടിയല്ല ഇത്.
നവകേരള സദസ്സിനെ ജനങ്ങൾ നെഞ്ചേറ്റിയിരിക്കുന്നു. ഓരോ മണ്ഡലത്തിലും ജനസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്. നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായിട്ടാണ് നവകേരള സദസ്സ് മാറുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി ഒഴുകിയെത്തുന്ന പതിനായിരങ്ങളെ ഉൾക്കൊള്ളാനുള്ള ഗ്രൗണ്ടുകൾ കേരളത്തിൽ പലയിടത്തും ഇല്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സംഘാടകർ ഒരുക്കിയ ഗ്രൗണ്ടിന് പുറത്താണ് ആയിരങ്ങൾ തിങ്ങിനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ് എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി കോ ഓർഡിനേറ്റർ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ആർ മായ സ്വാഗതവും തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ ഷാജൻ നന്ദിയും പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ റോസി, മുൻ മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, വിഎസ് സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. നവ കേരള സദസിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ 17 കൗണ്ടറുകളിലായി പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു.