കോളജ് ക്യാമ്പസുകളിലും സർവകലാശാലകളിലും അഞ്ചേക്കറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ അനുവദിക്കുമെന്ന് നിയമ – വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് . തേക്കിൻകാട് മൈതാനിയിൽ നടന്ന തൃശൂർ മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകളിൽ വിദ്യാർഥികൾക്ക് പഠന ശേഷവും ജോലി ചെയ്യാനാകും. പഠിച്ച വിഷയത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ വിദ്യാർഥിക്ക് ബോണസ് മാർക്കും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഏഴു വർഷം കൊണ്ട് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷനായി നൽകിയത് 57,603 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാരിന്റെ അഞ്ചു വർഷക്കാലത്ത് 35,154 കോടി രൂപയും രണ്ടാം പിണറായി സർക്കാരിന്റെ രണ്ടര വർഷം കൊണ്ടുള്ള കാലയളവിൽ 22,459 കോടി രൂപയുമാണ് ക്ഷേമ പെൻഷനായി നൽകിയത്. 2011- 16 കാലഘട്ടത്തിൽ ആകെ 60 മാസം കൊണ്ട് 9011 കോടി രൂപ മാത്രമാണ് ക്ഷേമ പെൻഷനായി നൽകിയത്. ഇപ്പോൾ ഒരു മാസം മാത്രം ക്ഷേമ പെൻഷനായി ചെലവഴിക്കുന്നത് 900 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.

ആസൂത്രണത്തിലെ ജനപങ്കാളിത്തം ജനാധിപത്യത്തിലെ കേരളത്തിന്റെ സംഭാവനയാണ്. അതിന്റെ തുടർച്ചയാണ് നവകേരള സദസ്. അത് സർക്കാർ മുൻ കൈയെടുത്തു നടപ്പാക്കുന്ന ജനങ്ങളുടെ പരിപാടിയാണ്. നവകേരളം ഭാവി കേരളത്തിനു വേണ്ടിയാണ്. പിറക്കാനിരിക്കുന്ന മലയാളികൾക്കു വേണ്ടികൂടിയാണ് നവകേരളത്തെ സർക്കാർ വിഭാവന ചെയ്യുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.