നമ്മുടെ നാടിനെ എങ്ങനെയൊക്കെ പിറകോട്ടടിപ്പിക്കാൻ പറ്റും എന്നാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നാട്ടിക മണ്ഡലം നവകേരള സദസ്സ് നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി തൃപ്രയാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓഖിയും നിപ്പയും നൂറ്റാണ്ടിലെ മഹാപ്രളയവും കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയും എല്ലാംകൂടി അനുഭവിക്കേണ്ടി വന്നപ്പോൾ നമ്മുടെ സംസ്ഥാനം തകർന്നടിഞ്ഞു പോകുമെന്ന ഭീതജനകമായ അന്തരീക്ഷം ഉണ്ടായി. ഇതിനെ നാം അതിജീവിച്ചത് ലോകം അത്ഭുതത്തോടെ നോക്കിക്കണ്ടു. നാടാകെ ഒരുമിച്ച് നിൽക്കേണ്ട ആ ഘട്ടത്തിൽ പോലും കേന്ദ്രസർക്കാർ അർഹതപ്പെട്ടത് നിഷേധിച്ചു. പ്രത്യേക സഹായം നൽകി നാടിനെ ഉയർത്തിക്കൊണ്ടു വരേണ്ട ഘട്ടത്തിലാണ് കേന്ദ്രം ഈ നിലപാട് സ്വീകരിച്ചത്. സഹായിക്കാൻ തയ്യാറായ രാഷ്ട്രങ്ങളോട് ഞങ്ങൾ സഹായം സ്വീകരിക്കുന്നില്ല എന്ന് കേന്ദ്രം പറഞ്ഞു. നാം രക്ഷപ്പെടാൻ പാടില്ലെന്ന ചിന്ത കേന്ദ്രസർക്കാരിന് ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ സഹോദരങ്ങൾ നമ്മെ സഹായിക്കാൻ തയ്യാറായിരുന്നു. അത് സ്വീകരിക്കാനായുള്ള മന്ത്രിമാരുടെ സംഘത്തിന് കേന്ദ്രം പൂർണമായി അനുമതി നിഷേധിച്ചു. അത്രയും ക്രൂരമായ മനോഭാവത്തോടെയുള്ള പെരുമാറ്റമാണ് നാം അനുഭവിക്കേണ്ടിവന്നത്.
ഈ ഘട്ടങ്ങളിലും എന്തെല്ലാം എതിർപ്പ് ഉയർത്താം എന്നതില്‍ മാത്രമാണ് പ്രതിപക്ഷമായ യുഡിഎഫ് ശ്രമിക്കുന്നത്. കേന്ദ്ര വിവേചനത്തെ ചോദ്യം ചെയ്യാൻ പോലും യുഡിഎഫ് തയ്യാറാകുന്നില്ല. പാർലമെന്റിൽ അത്തരം പ്രശ്നങ്ങൾ ഉയർത്താൻ യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ല. പ്രളയകാലത്തെ ജീവനക്കാരുടെ സാലറി ചലഞ്ചിനെ പോലും യുഡിഎഫ് നിശിതമായി എതിർത്തു. നാടിന്റെ ദുരവസ്ഥകളിൽ നാടിനോടൊപ്പം നിൽക്കാൻ എന്തുകൊണ്ടാണ് യുഡിഎഫ് തയ്യാറാകാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിന്റെ കാര്യങ്ങൾ ആകാവുന്ന വിധം നടത്താൻ സർക്കാർ ശ്രമിക്കുമ്പോൾ അത് യുഡിഎഫിന് ഇഷ്ടമാകുന്നില്ല. ഇപ്പോൾ വേണ്ട എന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. ഇപ്പോൾ വേണ്ടെങ്കിൽ പിന്നെ എപ്പോൾ എന്ന് അവർ പറയുന്നില്ല. ഓരോ കാലത്തും ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ ചെയ്തു കാലാനുസൃതമായ മുന്നേറ്റം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.നമ്മുടെ നാട്ടിലെ ജനങ്ങളുടെ ഐക്യവും ഒരുമയുമാണ് നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനം. ഒരുമയോടെയും ഐക്യത്തോടെയും നേരിട്ടാൽ നമുക്ക് അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി സി മുകുന്ദൻ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ ആന്റണി രാജു, സജി ചെറിയാൻ, ഡോ. ആർ ബിന്ദു എന്നിവർ പ്രസംഗിച്ചു. മേളകുലപതി പെരുവനം കുട്ടൻ മാരാരെ മുഖ്യമന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ സ്വാഗതവും ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർ സൈമൺ ജോസ് നന്ദിയും പറഞ്ഞു. മുൻ മന്ത്രിമാരായ കെ പി രാജേന്ദ്രൻ, വി എസ് സുനിൽ കുമാർ, മുൻ എം എൽ എ ഗീത ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, റൂറൽ പോലീസ് സൂപ്രണ്ട് നവനീത് ശർമ്മ,മുൻ മന്ത്രി കെ പി രാജേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ശശിധരൻ (അന്തിക്കാട് ), എ കെ രാധാകൃഷ്ണൻ (ചേർപ്പ് ), കെ സി പ്രസാദ് (തളിക്കുളം ), ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി രാമൻ (അന്തിക്കാട് ), കെ എസ് മോഹൻദാസ് (ചാഴൂർ ), എം ആർ ദിനേശൻ (നാട്ടിക ), സുബിത സുഭാഷ് (പാറളം ), പി ഐ സജിത തളിക്കുളം, ശുഭ സുരേഷ് (താന്ന്യം ), ഷിനിത ആഷിക്ക് (വലപ്പാട് ), ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മഞ്ജുള അരുണൻ, പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, വി ജി വനജകുമാരി, വി എൻ സുർജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
നവ കേരള സദസിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ 20 കൗണ്ടറുകളിലായി പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. മേളകുലപതി പെരുവനം കുട്ടൻ മാരാർ നയിച്ച ചെണ്ടമേളം പരിപാടിക്ക് തലയെടുപ്പേകി.