കേരളത്തിലെ ജനങ്ങളുടെ ഒരുമയേയും ഐക്യത്തെയും വികസന പദ്ധതികളെയും ഒരു ദുഷ്ട ശക്തികൾക്കും തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒല്ലൂർ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒല്ലൂരിലെ നവകേരള സദസ്സ് വേദി മാറ്റി ദിവസങ്ങൾക്കകം പുതിയ വേദിയെ വിപുലമായ ജനസാഗരത്തെ വരവേൽക്കാനായി മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ സംഘാടകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
വേദി മാറ്റിയതുമായി ബന്ധപ്പെട്ട് സുവോളജിക്കൽ പാർക്കിനെ അനാവശ്യമായി വിവാദത്തിൽപ്പെടുത്തേണ്ടതില്ല. പുതിയ വേദിയിൽ സദസ്സ് അത്ര ഭംഗിയായി നിർവ്വഹിച്ചു. അവിടെയാണ് ജനങ്ങളുടെ ഒരുമയുടെ പ്രത്യേകത നിൽക്കുന്നത്, മുഖ്യമന്ത്രി കുട്ടിച്ചേർത്തു.
നവകേരള സദസ്സ് ആരംഭിച്ചശേഷം ഓരോ സ്ഥലത്തും കാണുന്നത് ഒന്നിനൊന്ന് മെച്ചപ്പെട്ട ജനാവലിയാണ്. കേരളത്തിലെ എല്ലാ സ്ഥലത്തും റിക്കാർഡ് ഭേദിച്ചുകൊണ്ടാണ് നവകേരള സദസ്സ് ജനാവലിയെ സ്വീകരിക്കുന്നത്. പലയിടത്തും ഗ്രൗണ്ടിൽ സ്ഥലം തികയാതെവരുന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് ഓരോ സദസ്സിനും എത്തുന്നത്. നമ്മുടെ നാട് ഇന്ന് എത്തി നിൽക്കുന്നു നില, ഈ നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്നിവയെല്ലാം ജനങ്ങളുമായി പങ്കുവെക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വെള്ളാനിക്കര കാർഷിക സർവകലാശാല ഗ്രൗണ്ടിൽ നടന്ന ഒല്ലൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, വി. അബ്ദുറഹ്മാൻ, സംഘാടക സമിതി കൺവീനർ എ.ഡി.എം ടി. മുരളി, ജില്ലാ വികസന സമിതി അംഗവും ഒല്ലൂർ നവ കേരള സദസ്സ് വർക്കിംഗ് കൺവീനറുമായ പ്രസാദ് പാറേരി തുടങ്ങിയവര്‍ സംസാരിച്ചു.