ഒല്ലൂർ നവ കേരള സദസ്സ് വരവേറ്റത് പതിനായിരങ്ങൾ… ജന നായകനെ ഹർഷാരവങ്ങളോടെ ഒല്ലൂരിന്റെ മണ്ണ് സ്വീകരിച്ചു. വെള്ളാനിക്കര കാർഷിക സർവകലാശാല മൈതാനിയിലേക്ക് ജനസഹസ്രങ്ങൾ ഒഴുകുകയായിരുന്നു.

ഉച്ചതിരിഞ്ഞ് 3 മണിയോടെ സംഗീതസംവിധായകൻ ഔസേപ്പച്ചന്റെ ആസ്വാദ്യകരമായ സംഗീത സദസ്സോടെയാണ് ഒല്ലൂർ നവ കേരള സദസ്സിനു തുടക്കമായത്. ജയരാജ് വാര്യർ, ഗായകൻ സുദീപ് തുടങ്ങിയവരും ഔസേപ്പച്ചൻ ഷോയുടെ ഭാഗമായി.

മുഖ്യ മന്ത്രിക്ക് പുറമേ മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി ആർ അനിൽ, വി അബ്ദുറഹിമാൻ തുടങ്ങിയവർ വേദിയിൽ സംസാരിച്ചു. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.

നവ കേരള സദസ്സിനോട് അനുബന്ധമായി 280 പട്ടയങ്ങൾ വിതരണം ചെയ്തു. നവകേരള സദസ്സ് വേദിയിൽ അഞ്ചു പട്ടയങ്ങൾ നൽകിക്കൊണ്ട് മുഖ്യമന്ത്രി പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

നവകേരള സദസ്സിനോട് അനുബന്ധിച്ച് പട്ടിക്കാട് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഗണിത കലണ്ടർ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഗണിതക്രിയകൾ ഉൾപ്പെടുത്തിയ പ്രത്യേക കലണ്ടർ ആണ് കുട്ടികൾ തയ്യാറാക്കിയത്. കയ്യെഴുത്ത് മാസിക, ചിത്രരചന, പ്രസംഗമത്സരം തുടങ്ങിയവയിൽ വിജയികളായവർക്കും നവകേരള സദസ്സിൻ്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു. എ ഡി എം ടി മുരളി സ്വാഗതം ആശംസിച്ചു.