ഇന്ത്യയിലെ ഏറ്റവും വലിയ മതേതര തുരുത്തായി കേരളത്തെ മാറ്റിയത് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തൃപയാറിൽ നാട്ടിക മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . സമസ്ത മേഖലകളിലും ജനങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാരാണിത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു വർഷം കഴിയുമ്പോൾ മാത്രം ജനങ്ങൾക്കരികിലേക്ക് എത്തേണ്ടവരല്ല മന്ത്രിമാർ . ജനങ്ങളെ കേൾക്കാനും അവരുമായി സംവദിക്കാനുമാണ് നവകേരള സദസ് സംഘടിപ്പിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നവകേരള സദസിനു മുമ്പേ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിൽ 67000 പരാതികളാണ് പരിഹരിച്ചത്. വനമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 43 വന സൗഹൃദ സദസുകളും തീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 47 തീര സദസുകളും സംഘടിപ്പിച്ചു. അതിലൂടെ നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിച്ചു.

കേരളത്തിന്റെ ഭാവിക്കായി സംഘടിപ്പിച്ച നവകേരള സദസിൽ ഒഴുകിയെത്തുന്ന പതിനായിരങ്ങളിൽ പ്രതീക്ഷയുണ്ട്. ആഗോള തലത്തിൽ തന്നെ കേരള മാതൃക പ്രശസ്തമാണ്. എന്നാൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. അതേ സമയം ഒരു കാലത്തിലും ഉണ്ടായിട്ടില്ലാത്ത പ്രതിബന്ധങ്ങളാണ് കേന്ദ്ര സർക്കാർ കേരളത്തിനു മുന്നിൽ തീർക്കുന്നത്. കഴിഞ്ഞ ഒരു വർഷം മാത്രം 57000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കേന്ദ്ര സർക്കാരിന്റെ നിലപാടുകൊണ്ട് സംസ്ഥാനത്തിനു സംഭവിച്ചത്. എന്നാൽ കേരളത്തിനു വേണ്ടി ശബ്ദിക്കാൻ പ്രതിപക്ഷ മോ സംസ്ഥാനത്തു നിന്നുള്ള പാർലമെന്റംഗങ്ങളോ തയാറാകുന്നില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.