കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2023 ലെ വിവിധ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്ക് ഇ.എം.എസ് പുരസ്‌കാരം നൽകും. 1,00,000 രൂപയും വെങ്കല ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്‌കാരത്തിന് 50,000 രൂപയും വെങ്കല ശില്പവും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് ഡി.സി. പുരസ്‌കാരം നൽകും. 50,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച സാമൂഹിക സാസ്‌കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്ക് സമാധാനം പരമേശ്വരൻ പുരസ്‌കാരം നൽകും. 10,001 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പിന്നാക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാലയ്ക്ക് എൻ.ഇ. ബാലറാം പുരസ്‌കാരം ലഭിക്കും. 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയ്ക്ക് പി. രവീന്ദ്രൻ പുരസ്‌കാരം നൽകും. 20,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച ശാസ്ത്രാവബോധന സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രന്ഥശാലയ്ക്ക് ഗ്രീൻ ബുക്സ്- സി.ജി. ശാന്തകുമാർ പുരസ്‌കാരം നൽകും. 25,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന വനിതാ വേദിയ്ക്ക് നങ്ങേലി പുരസ്‌കാരം നൽകും. 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ ലൈബ്രറി കൗൺസിലുകളിൽ ലഭിക്കും. അപേക്ഷകൾ 31- നകം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ ലഭിക്കണം.