ആലപ്പുഴ: കുട്ടനാട് മേഖലയിലും അപ്പർകുട്ടനാട് മേഖലയിലും പ്രളയത്തിനുശേഷം കൃഷി ആരംഭിക്കുന്നതിന് ആവശ്യമായ വിത്ത് സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. വെള്ളപ്പൊക്കത്തിന്റെയും പ്രളയക്കെടുതിയുടെയും പശ്ചാത്തലത്തിൽ പുഞ്ചകൃഷി സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തിനു ശേഷം കുട്ടനാട്ടിൽ പുഞ്ച കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും വിത്ത് സൗജന്യമായി തന്നെ സർക്കാർ നൽകുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ഏതെങ്കിലും കർഷകർ മുൻകൂർ തുക നൽകി വിത്ത് വാങ്ങിയാലും പിന്നീട് സർക്കാർ തുക തിരിച്ചു നൽകും. സംസ്ഥാന വിത്ത് വികസന അതോറിറ്റി,നാഷണൽ സീഡ് കോർപറേഷൻ, കർണാടക സീഡ് കോർപറേഷൻ, കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്ന വിത്ത് തുടങ്ങി ഏതു സംവിധാനത്തിൽ കൂടിയാണെങ്കിലും വിത്ത് ലഭ്യമാക്കാനുള്ള നടപടികൾ കൃഷിവകുപ്പ് എടുത്തിട്ടുണ്ട്. രജിസ്‌ട്രേഡ് വിത്ത് ഉൽപാദക കർഷകരുടെ സമരം മൂലം നേരത്തെ ഉൽപാദനത്തിനു ശേഷമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. എന്നാൽ അവരുമായി നടത്തിയ ചർച്ചയിൽ വിത്തിന് വില വർധിപ്പിച്ചു നൽകാൻ സർക്കാർ തയ്യാറായി ആ പ്രശ്‌നം പരിഹരിച്ചു. ഒക്ടോബർ മാസം 24 മുതൽ വിത ആരംഭിക്കുന്നതിന് ചില ഭാഗങ്ങളിൽ വിത്തുവിതരണം അടിയന്തിരമായി ചെയ്യും. ഏതൊക്കെ പഞ്ചായത്തുകളിൽ ഏതൊക്കെ ഏജൻസികളിൽനിന്ന് ആണ് വിത്തുവിതരണം ചെയ്യേണ്ടത് എന്ന കാര്യം അതാത് കൃഷി ഓഫീസർമാർ മറ്റ് ഉയർന്ന കൃഷി ഓഫീസർമാരുടമായി സംസാരിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണം.വിത്ത് മുൻഗണനാക്രമത്തിൽ പാടശേഖരങ്ങൾക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിത്ത് 100ശതമാനം സബ്‌സിഡിയോടു കൂടിയാണ് സർക്കാർ നൽകുക. കർഷകർ സ്വന്തമായി പണം കൊടുത്ത് വിത്ത് വാങ്ങിയാൽ തന്നെ സർക്കാർ അത് പിന്നീട് തിരിച്ചു നൽകുമെന്നു മന്ത്രി യോഗത്തിൽ പറഞ്ഞു. ഏത് ഏജൻസി വഴി വിത്ത് വാങ്ങി വിതച്ചവർക്കും 100ശതമാനം സബ്‌സിഡി സർക്കാർ ലഭ്യമാക്കും.

കുട്ടനാട് മേഖലയിലെ വിത്തുവിതരണം യഥാസമയം നടക്കുന്നതിന് ആവശ്യമായ നിർദ്ദേശം കൃഷി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. കുട്ടനാട്, പാലക്കാട് മേഖലയിൽ വിത്ത് വിതരണം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടറെ മന്ത്രി പ്രത്യേകം ചുമതലപ്പെടുത്തി. ഓരുമുട്ടുകൾ യഥാസമയം കെട്ടുന്ന കാര്യത്തിൽ ഇറിഗേഷൻ വകുപ്പിന്റെ മേജർ,മൈനർ വിഭാഗങ്ങൾ സമയബന്ധിതമായി ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പി.ഐ.പി, കെ.ഐ.പി കനാലുകളിൽ നിന്ന് യഥാസമയം വെള്ളം തുറന്നു വിടുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട.് പ്രളയത്തെ തുടർന്ന് ചിലഭാഗങ്ങളിൽ കനാലുകൾ പൂർണമായി തകർന്നിട്ടുണ്ട്. അത്തരം ഭാഗങ്ങളിലൊഴികെ എല്ലാ പ്രദേശങ്ങളിലും കൃഷിക്കാവശ്യമായ വെള്ളം എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തണ്ണീർമുക്കം ബണ്ട് യഥാസമയം തുറക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചേരുകയും തുറക്കേണ്ട സമയത്തുതന്നെ തുറക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കൃഷി വകുപ്പ് ഇത്തവണ പമ്പിങ് സബ്‌സിഡി ഏകീകരിച്ചു. കൂടാതെ പമ്പിങ് സബ്‌സിഡി ലഭിക്കുന്നതിന് കൊയ്ത്തു സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ കൈബണ്ട് കെട്ടുന്നതിനും ചെളി കുത്തുന്നതിനും നിലം ഒരുക്കാനും, ചപ്പുചവറുകൾ നീക്കാനും തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കാൻ കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ട്. 100 തൊഴിൽ ദിനങ്ങൽ 150 ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതുവഴി പുതുതായി 20 കോടി തൊഴിൽ ദിനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാവുക. ഇതിൽ കൂടുതലും കൃഷിക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. നാലായിരം ടൺ വിത്താണ്പുഞ്ച കൃഷിക്കായി ആവശ്യമുള്ളത്. 600 ടൺ വിത്ത് നൽകിക്കഴിഞ്ഞു. ഇതുവരെ 901 ഹെക്ടർ വിത കഴിഞ്ഞിട്ടുണ്ട്. ഈ വർഷം 30,482 ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷി ഉദ്ദേശിക്കുന്നത്. ഏകദേശം 540 പാടശേഖരങ്ങൾവരുമിത്. നവംബർ 15നകം വിത്ത് വിതരണം അതുവരെ ആവശ്യമുള്ള എല്ലാ പാടശേഖരങ്ങൾക്കും സമയബന്ധിതമായി ഉറപ്പാക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ എ. എം. സുനിൽ കുമാർ, ഒ.ആർ.എ.ആർ.എസ് ഹെഡ് സുജ , സൈന്റസ്റ്റ് റീന മാത്യു, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ബീന നടേശ്, എൻ.സുകുമാരപിള്ള, ജോയിക്കുട്ടി ജോസ്, എൻ.സുരേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.