നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ ബ്ലോക്ക് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ജലബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കിയത്. പഞ്ചായത്ത് തലത്തില്‍ ജലവിഭവം, കൃഷി, മൃഗസംരക്ഷണ തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ജലസ്രോതസുകളുടെ എണ്ണം, ഉപയോഗം, ലഭിക്കുന്ന മഴവെള്ളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജലദൗര്‍ലഭ്യം ഇല്ലാതാക്കുന്നതിന് ജലത്തിന്റെ ദുര്‍വിനിയോഗം കുറച്ച് മഴവെള്ളം പരമാവധി സംഭരിക്കുന്നതിനാണ് ജലബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്.
മംഗലം ഡാം ഇറിഗേഷന്‍ പ്രോജക്ട് വകുപ്പിലെ വര്‍ഷമാപിനിയില്‍ നിന്നുള്ള മഴ ലഭ്യതാ വിവരങ്ങളാണ് ബജറ്റിനായി പരിഗണിച്ചിട്ടുള്ളത്. കൂടാതെ അന്തര്‍സംസ്ഥാന നദീജല കരാറിന്റെ ഭാഗമായി ലഭിക്കുന്ന ജലത്തിന്റെ അളവും ഗ്രാമപഞ്ചായത്തിന് പുറത്തേക്ക് വിതരണം ചെയ്യുന്ന ജലത്തിന്റെ അളവും പരിഗണിച്ചിട്ടുണ്ട്. നവംബര്‍ മാസം അവസാനത്തെ 10 ദിവസം മുതല്‍ ഏപ്രില്‍ മാസം രണ്ടാമത്തെ 10 ദിവസം വരെ ജല കമ്മിയും ബാക്കി ദിവസങ്ങളില്‍ ജലമിച്ചവുമാണ് ജലബജറ്റില്‍ പ്രതിഫലിക്കുന്നത്. പഞ്ചായത്തിലെ ഒരു വര്‍ഷത്തെ ആകെ ജലലഭ്യത, ആവശ്യം, ജലമിച്ചം എന്നിവയാണ് ബജറ്റിലൂടെ കണക്കാക്കുന്നത്.

ജലബജറ്റ് പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രകാശന്‍ അധ്യക്ഷയായി. നവകേരളം കര്‍മപദ്ധതി റിസോഴ്‌സ്‌പേഴ്‌സണ്‍ വീരാസാഹിബ് ജലബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.വി ഷാന്റോ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് എ.ഇ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമസുന്ദരന്‍, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് മേറ്റുമാര്‍, സി.ഡി.എസുമാര്‍, എച്ച്.കെ.എസ് പ്രസിഡന്റ്, സെക്രട്ടറി, പടശേഖര കമ്മിറ്റി പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സാങ്കേതിക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.