സമാനതകളില്ലാത്ത ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചുക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ചേർത്തല മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴര വർഷം കൊണ്ട് കേരളത്തിൽ സമഗ്ര മേഖലയിലും വലിയ വികസനം സാധ്യമായി. ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കിയ ജനകീയ പ്രവർത്തനങ്ങൾക്ക് അംഗീകാരമായാണ് ജനങ്ങൾ വീണ്ടും ഭരണ തുടർച്ച നൽകിയത്. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാത നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആധുനിക നിലവാരത്തിനുള്ള സ്‌കൂളുകളും ഹൈടെക് ലാബുകളുമായി പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതി കൈവരിക്കാൻ സർക്കാരിന് സാധിച്ചു.

തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ സയൻസ് പാർക്ക് ഇന്ത്യയിൽ ആദ്യമായ് ആരംഭിച്ചത് നമ്മുടെ സംസ്ഥാനത്താണ്. മൂന്ന് ഡിജിറ്റൽ യൂണിവേഴ്‌സിറ്റികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെ – ഫോണിലൂടെ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിച്ചു.ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി എടമൺ പവർ ഹൈവേ തുടങ്ങി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തീകരിക്കാൻ സർക്കാരിനായതായി മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 7633 കോടി രൂപയാണ് പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി നൽകിയത്. നേരിട്ട് ചികിത്സാ സഹായം തേടുന്നത് ഒഴിവാക്കി ഗുണഭോക്താക്കൾക്ക് അക്ഷയയിലൂടെ അപേക്ഷ നൽകുന്നതുവഴി ചികിത്സാധന സഹായം വൈകാതെ വീടുകളിലേക്ക് എത്തുന്ന സംവിധാനം ഒരുക്കി. ക്ഷേമപെൻഷൻ 600 രൂപയിൽ നിന്നും 1600 രൂപയായി ഉയർത്തി. ഓഖി, നിപ, രണ്ടു പ്രളയങ്ങൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിലും ജന ജീവിതത്തെ ദുരിതത്തിലേക്ക് തള്ളി വിടാതെ സംരക്ഷണം നൽകാനും പുനരുജീവനം സാധ്യമാക്കാനും കഴിഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല എന്ന അപവാദം പ്രചരിപ്പിക്കുമ്പോൾ ശമ്പളം മുടക്കമില്ലാതെ സർക്കാർ കൊടുത്തു വരികയാണ് എന്നതാണ് യാഥാർത്ഥ്യം.എംപാനൽ ജീവനക്കാർക്ക് പുനർനിയമനം നൽകി. കെ. എസ്.ആർ. ടി. സി സ്വിഫ്റ്റ്, ഇലക്ട്രിക് ബസ്, സാധാരണക്കാർക്കായി ബജറ്റ് ഫ്രണ്ട്‌ലി ടൂറിസം പാക്കേജ്, കൊറിയർ സർവീസ്, ലോജിസ്റ്റിക്, ഗ്രാമങ്ങളിൽ ഗ്രാമവണ്ടി, തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. കെഎസ്ആർടിസി ഇന്ധന പമ്പുകൾ സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ യാത്ര ഫ്യൂവൽസ് ഒരുക്കി. കെഎസ്ആർടിസി ശബരിമലയിൽ നടപ്പിലാക്കിയ സേവ് സോൺ പദ്ധതി മാതൃകാപരമാണെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എ.ഐ ക്യാമറകൾ സ്ഥാപിച്ച ഘട്ടത്തിൽ വലിയ വിമർശനമാണ് സർക്കാർ നേരിട്ടത്. എന്നാൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ക്യാമറ സ്ഥാപിച്ചത് വഴി 300 ലധികം ജീവനുകൾ രക്ഷിക്കാൻ സാധിച്ചു.

ഈ കാലഘട്ടത്തിൽ വൻ വികസന കുത്തിപ്പിനാണ് ചേർത്തല മണ്ഡലവും സാക്ഷ്യം വഹിച്ചത്. അർത്തുങ്കൽ ഫിഷിങ് ഹാർബർ നിർമ്മാണം 150.73 കോടി ചെലവിൽ പുരോഗമിക്കുകയാണ്. 58 കോടി രൂപ വകയിരുത്തി ചേർത്തല താലൂക്ക് ആശുപത്രി നിർമ്മാണം നടന്ന് വരുന്നു.ചേർത്തല കടക്കരപ്പള്ളി ഒറ്റമശ്ശേരിയിൽ കടലാക്രമണം തടയുന്നതിന് പുലിമുട്ട് നിർമ്മാണം 16 കോടി ചെലവിൽ പുരോഗമിക്കുകയാണ്.തണ്ണീർമുക്കം ബണ്ട് മൂന്നാം ഘട്ടം പൂർത്തിയായി. മുട്ടത്തിപ്പറമ്പ്-അർത്തുങ്കൽ റോഡ്, തണ്ണീർമുക്കം- ആലപ്പുഴ- മധുര റോഡ്, ചേർത്തല -തൈക്കൽ റോഡ്, നഗരത്തിലെ ടൗൺ റോഡ് വികസനം തുടങ്ങിയവ നിരവധി റോഡുകളാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉന്നത നിലവാരത്തിൽ പണിപൂർത്തിയാക്കിയത്.

മത സൗഹാർദത്തിന്റെ വിള നിലമാണ് കേരളം. മണിപ്പൂരിൽ ഒരു ജന വിഭാഗത്തിനെതിരെ ക്രൂരതകൾ അരങ്ങേറുമ്പോൾ മതനിരപേക്ഷതയെ ചേർത്ത് പിടിച്ചുകൊണ്ട് വർഗീയതക്കെതിരെ സംയുക്തമായി പോരാടുകയാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.