സർക്കാറിനുള്ള നാടിന്റെ പിന്തുണ പ്രഖ്യാപിക്കുകയാണ് നവകേരള സദസ്സിലേക്ക് ഒഴുകി എത്തുന്ന ജനക്കൂട്ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല മണ്ഡലതല നവകേരള സദസ്സിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്ഥലം എം.എൽ.എ കൂടിയായ അദ്ദേഹം.

കരപ്പുറത്തിന്റെ മണ്ണിൽ നവകേരള സദസ്സ് ജനസാഗരം തീർത്തിരിക്കുകയാണ്. മഞ്ചേശ്വരത്ത് നിന്ന് ചേർത്തലയിൽ എത്തി നിൽക്കുമ്പോൾ ഞങ്ങൾ സർക്കാരിനൊപ്പമാണെന്ന് നാട് വിളിച്ച് പറയുകയാണ്. കഴിഞ്ഞ ഏഴര വർഷ കാലം സമാനതകളില്ലാത്ത വികസന കുതിപ്പിനാണ് ചേർത്തല മണ്ഡലം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധ്യമായി. കടലാക്രമണ ഭീഷണി നേരിടുന്ന ഒറ്റമശ്ശേരിയിൽ സംരക്ഷണം ഉറപ്പാക്കി. തീര സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ടെട്രാപോട് നിർമ്മാണ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു .

നവ കേരള സദസ്സ് ജനാധിപത്യത്തിലെ ഒരു നവ്യ അനുഭവമാണ്. ജനതയുടെ അടുത്തേക്ക് സർക്കാർ സംവിധാനം നേരിട്ട് എത്തുക ഇന്ത്യയിൽ എവിടെയും ലോകത്ത് എവിടെയും കേട്ട് കേൾവി ഇല്ലാത്തതാണ്. കേരളം ലോകത്തിന് മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ് നവ കേരള സദസ്സിലൂടെ . അഞ്ചുവർഷത്തിൽ ഒരിക്കൽ വോട്ട് രേഖപ്പെടുത്തുക മാത്രമല്ല ജനങ്ങളുമായി സംവദിക്കേണ്ടതും ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് നവ കേരള സദസ്സ് മുന്നോട്ടുവയ്ക്കുന്നത്.സർക്കാർ ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയാൻ ജനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനെ ബഹിഷ്‌കരിക്കുന്ന സ്വരങ്ങൾ വിവിധ ഇടങ്ങളിൽ നിന്നും ഉയരുകയുണ്ടായി. എന്നാൽ ഇതിനെ എല്ലാം തിരസ്‌കരിച്ചുകൊണ്ട് സർക്കാറിനൊപ്പം ചേർന്ന് നിൽക്കുന്ന നിലപാടാണ് ജനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.