36-ാമത് കേരള സയൻസ് കോൺഗ്രസ് 2024 ഫെബ്രുവരി 8 മുതൽ 11 വരെ കാസർഗോഡ് ഗവൺമെന്റ് കോളജിൽ നടക്കും. നാഷണൽ സയൻസ് എക്‌സ്‌പോയുടെ ഉദ്ഘാടനത്തോടെയാണ് സയൻസ് കോൺഗ്രസ് ആരംഭിക്കുന്നത്. 2024 ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ് (2022) പ്രൊഫ. മോർട്ടൻമെൽഡൽ പ്രഭാഷണം നടത്തുകയും വിദ്യാർത്ഥികളുമായി സംവദിക്കും.

36-ാമത് കേരളസയൻസ് കോൺഗ്രസിന്റെ പ്രധാനവിഷയം ‘കേരള സമ്പദ് വ്യവസ്ഥയുടെ പരിവർത്തനം-ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ (Transforming Kerala’s Economy through One Health approach)” എന്നതാണ്. വിവിധവിഷയങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, അനുസ്മരണ പ്രഭാഷണങ്ങൾ, ശാസ്ത്രാധിഷ്ഠിത പ്രശ്‌നപരിഹാരങ്ങൾ വിഷയമാക്കിയ സെഷൻ എന്നിവയും 12 വിഷയങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രപ്രബന്ധ/ പോസ്റ്റർ അവതരണങ്ങളും ബാലശാസ്ത്രജ്ഞരുടെ ബിരുദാനന്തര പ്രബന്ധാവതരണങ്ങളും സയൻസ് കോൺഗ്രസിന്റെ ഭാഗമായി നടക്കും. ബിരുദവിദ്യാർഥികളുടെ ശാസ്ത്രജ്ഞരുമായുള്ള സംവാദപരിപാടിയും ഇതിന്റെ ഭാഗമാണ്.

മികച്ച യുവശാസ്ത്രജ്ഞർക്കുള്ള അവാർഡ്, ശാസ്ത്രസാഹിത്യപുരസ്‌കാരങ്ങൾ എന്നിവയും സയൻസ്‌ കോൺഗ്രസ് വേദിയിൽ വിതരണം ചെയ്യും. സയൻസ് എക്‌സ്‌പോയിൽ ഇന്ത്യയിലെ വിവിധഗവേഷണ-സ്ഥാപനങ്ങൾ സ്റ്റാർട്ട്അപ്പുകൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് ജലവിഭവവികസന വിനിയോഗ കേന്ദ്രം (KSCSTE-CWRDM) കാസർകോട് ഗവ. കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്ര-പ്രബന്ധങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഡിസംബർ 25.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി. സുധീറാണു 36-ാമത് കേരള ശാസ്ത്രകോൺഗ്രസിന്റെ പ്രസിഡന്റ് ഡോ. സൗമ്യ സ്വാമിനാഥൻ ചെയർപേഴ്‌സണും, ഡോ. എസ്. പ്രദീപ്കുമാർ ജനറൽ കൺവീനറും ഡോ. മനോജ് പി. സാമുവൽ സംഘാടക സമിതി കൺവീനറും, ഡോ. വി. എസ്. അനിൽകുമാർ കോ -കൺവീനറുമായുളള സംഘാടകസമിതിയും 12വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് : www.ksc.kerala.gov.in