റിപ്പോർട്ട് പരിസ്ഥിതി നിയമസഭാ സമിതിക്കും ജില്ലാ കലക്ടർക്കും കൈമാറി

ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാനും മണ്ഡലം എം.എൽ.എയുമായ വി.എസ്. അച്യുതാനന്ദന്റെ നിർദേശപ്രകാരം പുതുപരിയാരം 1, മലമ്പുഴ 1, പുതുശേരി ഈസ്റ്റ്, പുതുശേരി സെൻട്രൽ വില്ലേജ് പരിധികളിൽ പ്രളയത്തിൽ മണ്ണടിഞ്ഞ കൃഷിയിടങ്ങളിൽ ശാസ്ത്രീയ പഠനം നടത്തി. വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പഠന റിപ്പോർട്ടിൽ കൃഷിനാശം സംഭവിച്ച ആളുടെ പേര്, സർവേ നമ്പർ, ഭൂവിസ്തൃതി, അടിഞ്ഞു കൂടിയ മണലിന്റെ അളവ്, മറ്റ് വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. ഗ്രാഫുകളും സ്‌കെച്ചും സഹിതമടങ്ങിയ റിപ്പോർട്ട് പരിസ്ഥിതി നിയമസഭ സമിതിക്കും ജില്ലാ കലക്ടർക്കും സമർപ്പിച്ചിട്ടുണ്ട്.
കനത്തമഴയിൽ തോടുകളിലൂടെയും പുഴകളിലൂടെയും കനാലുകളിലുടെയും ഒഴുകിയെത്തിയ മണ്ണും മണലും കൃഷിയിടങ്ങളിലും തരിശു നിലങ്ങളിലും അടിഞ്ഞു കൂടിയിട്ടുണ്ട്. ഹെക്ടർകണക്കിന് പ്രദേശങ്ങളിലെ നെൽകൃഷി, വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളാണ് ഇത്തരത്തിൽ മണ്ണടഞ്ഞതിനെ തുടർന്ന് നശിച്ചത്. കനത്തമഴയിൽ വെള്ളം കയറി ഒന്നാം വിള പതിരായി പോയതോടെ രണ്ടാം വിളയിറക്കാൻ നിലമൊരുക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പലയിടങ്ങളിലും മണ്ണ് അടിഞ്ഞ് പാടം നികന്നുപോയ അവസ്ഥയിലാണ്. കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാതെ തുടർ കൃഷി ചെയ്യാനാവാത്ത അവസ്ഥയുണ്ട്. ഉടൻ തന്നെ മണ്ണും മണലും നീക്കം ചെയ്ത് കൃഷിക്ക് അനുയോജ്യമാക്കണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടിരുന്നു.
പ്രളയത്തെതുടർന്ന അടിഞ്ഞു കൂടിയിട്ടുളള ഇത്തരം മണൽശേഖരത്തിൽ പല ചേരുവകളുണ്ടാകാമെന്നും കൃഷിക്ക് ഉപയോഗപ്രദമായ തരത്തിൽ വളക്കുറുളള മണ്ണ് നിർമാണപ്രവർത്തനങ്ങൾക്കുതകുന്ന തരത്തിലും, തികച്ചു അനാരോഗ്യകരമായ പ്ലാസ്റ്റിക്ക് പോലുളള ചേരുവകളുണ്ടാകാം എന്നതിനാലും ഇത്തരം മണ്ണ് സാങ്കേതികമായി വേർതിരിച്ചെടുക്കേണ്ടതുണ്ടെന്നും പരിസ്ഥിതി നിയമസഭാ സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ നിർദേശിച്ചിരുന്നു. സർവ്വകലാശാലകൾ, ബന്ധപ്പെട്ട വകുപ്പുകൾ, പഞ്ചായത്തുകൾ എന്നിവ അതിൽ മുൻകൈ എടുക്കണമെന്ന് സമിതി ചെയർമാൻ നിർദേശം നൽകിയിരുന്നു.