ആലപ്പുഴ:ദേശീയ വിര വിമുക്ത ദിനമായ ഒക്ടോബർ 25 ന് 1 മുതൽ 19 വരെ ഉള്ള എല്ലാ കുട്ടികൾക്കും വിര നശീകരണത്തിനുള്ള ആൽബൺഡസോൾ ഗുളികകൾ സൗജന്യമായി വിതരണം ചെയ്യാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾ, അങ്കണവാടികൾ, ഡേ കെയർ സെന്ററുകൾ എന്നിവിടങ്ങളീലൂടെയാണ് ഗുളിക നൽകുന്നത്. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ, അംഗൻവാടി വർക്കർമാർ എന്നിവരാണ് ഗുളിക നൽകുക. ഒന്നു മുതൽ രണ്ടു വയസ്സ് വരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക (200ഗ്രാം) ഒരു ടേബിൾ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിപ്പിച്ച് കൊടുക്കണം. രണ്ടു മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾ ഒരു ഗുളിക (400ഗ്രാം) ഉച്ചഭക്ഷണത്തിനു ശേഷം തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ചു കഴിക്കണം. ഒക്ടോബർ 25 ന് ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾ സമ്പൂർണ്ണ വിര വിമുക്തി ദിനമായ നവംബർ 1ന് ഗുളിക കഴിക്കേണ്ടതാണ്.
സ്‌കൂളുകളിലും അംഗനവാടികളിലും രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്ക് ആശാപ്രവർത്തകരുടെ സഹകരണത്തോടെ അങ്കണവാടികളിൽ വച്ച് ഗുളിക നൽകും. ജില്ലയിലെ 1മുതൽ 19 വയസ്സ് വരെ ഉള്ള 440199 കുട്ടികൾക്ക് വിര ഗുളിക നൽകനാണ് ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ ഗുളികകൾ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, അദ്ധ്യാപകർ, അംഗനവാടി പ്രവർത്തകർ എന്നിവർക്ക് ഗുളിക നൽകുന്നത് സംബന്ധിച്ച പരിശീലനം നൽകി.വിര ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണവും നൽകുന്നുണ്ട്. ഗുളിക കഴിച്ച കുട്ടികളെ നിരീക്ഷിക്കുന്നതിനായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടങ്ങുന്ന റാപ്പിഡ് റെസ്‌പോൺസ് ടീം ഈ ദിവസങ്ങളിൽ പ്രവർത്തിക്കും .
മണ്ണിൽ കളിക്കുന്നതിലൂടെയും, നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലൂടെയാണ് വിരകൾ ശരീരത്തിൽ പ്രവേശിക്കുക. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയാൻ കാരണമാകുകയും വിളർച്ച, പോഷകകുറവ്, തളർച്ച വിശപ്പില്ലായ്്മ എന്നിവയ്ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാവാതെ ഇരിക്കാൻ 6 മാസത്തിൽ ഒരിക്കൽ വിര മരുന്ന് നൽകണമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.കുട്ടികളിൽ കാണപ്പെടുന്ന വിളർച്ച തടയുന്നതിനും രോഗപ്രതിരോധശേഷിയും പഠനശേഷിയും വർദ്ധിപ്പിക്കുന്നതിനും ആൽബന്റസോൾ ഗുളിക എല്ലാ കുട്ടികളും കഴിക്കണമെന്ന് ജില്ല മെഡിക്കൽ ഒഫിസർ പറഞ്ഞു.