മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം ചേർന്നു. 2024 മാർച്ച് 31 ആകുമ്പോൾ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയാകും. യൂസർ ഫീ നൽകേണ്ടത് ഒരു പൊതു ബോധ്യമായി മാറ്റിയെടുക്കണം. ജൈവമാലിന്യം ഉറവിടത്തിൽ തന്നെയും അജൈവമാലിന്യം ഹരിത കർമ്മ സേന വഴിയും നൽകണം. പൊതുജനങ്ങളെയും എല്ലാ മേഖലകളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യമുക്തം നവകേരളം സൃഷ്ടിക്കുക എന്നത് പൊതുവായ ലക്ഷ്യമാണ്. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തികൊണ്ട് എല്ലാവരുടെയും സഹായം ക്യാമ്പയിന് ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
യോഗത്തില് 10 ശതമാനം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വ്യാപാരികളില് നിന്നും ഹരിത കര്മ്മ സേന യൂസര് ഫീ കളക്ഷനില് ഇളവ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജോയിന്റ് സെക്രട്ടറി വിനോദ് ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളില് പാലിക്കേണ്ട പൊതു ചട്ടകളില് ഉള്പ്പെടുത്തിയിരിക്കുന്ന ശുചിമുറികള് ആവശ്യമാണെന്ന പൊതു നിബന്ധന സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഇക്കാര്യത്തില് ഇളവ് വേണമെന്നും ആവശ്യപ്പെട്ടു.
പ്ലാനിംഗ് ഓഫീസ് കോണ്ഫറന്സ് ഹാളില് നടന്ന യോഗത്തില് എല് എസ് ജി ഡി ജോയിന്റ് ഡയറക്ടര് അരുണ് രംഗന് മാലിന്യമുക്തം നവകേരളം പ്രവര്ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എന്ഫോഴ്‌സ്‌മെന്റിന്റെ നടപടികളെക്കുറിച്ച് ശുചിത്വ മിഷന് ജില്ലാ കോര്ഡിനേറ്റര് കെ.കെ. മനോജും ഹരിത ചട്ടപാലനത്തെക്കുറിച്ച് ശുചിത്വ മിഷന് പ്രോഗാം ഓഫീസര് രജിനേഷ് രാജനും സംസാരിച്ചു.